IPL ഫൈനൽ: പഞ്ചാബിന് മുന്നിൽ 191 റൺസ് വിജയലക്ഷ്യമുയർത്തി ആർ.സി.ബി

അഹമ്മദാബാദ്: ഐപിഎല്‍ കലാശപ്പോരില്‍ പഞ്ചാബിന് മുന്നില്‍ 191 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആദ്യം ബാറ്റുചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും മധ്യഓവറുകളില്‍ റണ്‍സ് കണ്ടെത്താനാവാതെ വന്നതാണ് ആര്‍സിബിക്ക് തിരിച്ചടിയായത്. സൂപ്പര്‍താരം വിരാട് കോലിയാണ്(43) ടീമിന്റെ ടോപ്‌സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് രണ്ടോവറില്‍ 23 റണ്‍സെടുത്തു. പ്രിയാന്‍ഷ് ആര്യയും(11) പ്രഭ്‌സിമ്രാന്‍ സിങ്ങുമാണ് (8) ക്രീസില്‍
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന്റെത് ഭേദപ്പെട്ട തുടക്കമായിരുന്നു. ആദ്യ ഓവറില്‍ കത്തിക്കയറിയ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് രണ്ടാം ഓവറില്‍ തന്നെ മടങ്ങി. ഒമ്പത് പന്തില്‍ നിന്ന് സാള്‍ട്ട് 16 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ മായങ്ക് അഗര്‍വാളും വിരാട് കോലിയും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. മായങ്കിന്റെ വെടിക്കെട്ടില്‍ ടീം ആറോവറില്‍ 55-ലെത്തി. പിന്നാലെ ചാഹല്‍ മായങ്കിനെ കൂടാരം കയറ്റി. 18 പന്ത് നേരിട്ട മായങ്ക് 24 റണ്‍സെടുത്തു. അതോടെ ആര്‍സിബി 56-2 എന്ന നിലയിലായി.
നായകന്‍ രജത് പാട്ടിദാറാണ് പിന്നീട് ആര്‍സിബിയെ കരകയറ്റാനിറങ്ങിയത്. അതേസമയം ആക്രമണോത്സുക ബാറ്റിങ്ങിന് മുതിരാതെയാണ് കോലി കളിച്ചത്. പതിയെ സിംഗിളുകളുമായി ആങ്കര്‍ റോളിലായിരുന്നു ഇന്നിങ്‌സ്. എന്നാല്‍ നായകന്‍ തകര്‍ത്തടിച്ചതോടെ ആര്‍സിബി പത്തോവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുത്തു. 11-ാം ഓവറില്‍ പാട്ടിദാറും പുറത്തായതോടെ ആര്‍സിബി പ്രതിരോധത്തിലായി. 26 റണ്‍സാണ് ആര്‍സിബി നായകന്റെ സമ്പാദ്യം.
മധ്യഓവറുകളില്‍ വേഗം റണ്‍സ് കണ്ടെത്താനാവാത്തത് ആര്‍സിബിക്ക് തിരിച്ചടിയായി. പിന്നാലെ കോലിയും പുറത്തായതോടെ ടീം 131-4 എന്ന നിലയിലായി. 35 പന്തുകള്‍ നേരിട്ട കോലിക്ക് 43 റണ്‍സ് മാത്രമാണ് നേടാനായത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ജിതേഷ് ശര്‍മയും ലിവിങ്സ്റ്റണും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ സ്‌കോര്‍ 170-കടന്നു. ലിവിങ്‌സ്റ്റണ്‍ 15 പന്തില്‍ നിന്ന് 25 റണ്‍സും ജിതേഷ് ശര്‍മ 10 പന്തില്‍ നിന്ന് 24 റണ്‍സുമെടുത്തു. റൊമാരിയോ ഷെഫേര്‍ഡ് 17 റണ്‍സെടുത്ത് പുറത്തായി. ഒടുക്കം നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ബെംഗളൂരു 190 റണ്‍സെടുത്തു. കൈല്‍ ജേമിസണും അര്‍ഷ്ദീപ് സിങ്ങും പഞ്ചാബിനായി മൂന്ന് വിക്കറ്റെടുത്തു.