രണ്ട് ദിവസം മുമ്പ് കോവിഡ് ബാധിച്ചു മരിച്ച കുഞ്ചത്തൂരിലെ സ്ത്രീക്ക് രോഗമില്ലെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം.
ഉപ്പള : കോവിഡ് പോസിറ്റീവായി മരിച്ച കുഞ്ചത്തൂരിലെ ഖദീജുമ്മയുടെ റിപ്പോര്‍ട്ട് നെഗറ്റീവ് ആണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ജില്ലാ ഭരണകൂടത്തിനും തെറ്റു പറ്റിയെന്നും സോഷ്യല്‍ മീഡിയയില്‍ ശബ്ദസന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ കേസ് എടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് മഞ്ചേശ്വരം പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ബന്ധുക്കളെ വിളിച്ചു ക്ഷമാപണം നടത്തിയെന്നും സന്ദേശത്തിലുണ്ടായിരുന്നു. മരിച്ച സ്ത്രീയുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ബന്ധുക്കള്‍ക്കു വിട്ടു കൊടുത്ത കാസര്‍കോട്ടെ സ്വകാര്യാശുപത്രിയുടെ നടപടി ചോദ്യം ചെയ്ത് വീഡിയോ ദൃശ്യം പകര്‍ത്തിയ കെ.എഫ്.ഇഖ്ബാലിനെയും മോശമായി ചിത്രീകരിച്ച് അപമാനിച്ചിരുന്നു. നാട്ടില്‍ കോവിഡ് രോഗികള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതിനിടെ ഇത്തരം കുപ്രചാരണങ്ങള്‍ സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതായും ഇത്തരം സമൂഹദ്രോഹികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.