കാസർകോഡ് കസബ കടപ്പുറത്ത് സമൂഹ വ്യാപന ഭീഷണി.
ഫിഷറീസ് ഓഫീസ് ജിവനക്കാരന് കോവിഡ്. ഫിഷറീസ് ഓഫീസ് അടച്ചു
നിയന്ത്രണം കർശനമാക്കി
കാസർഗോഡ്: കാസർഗോഡ് നഗരസഭയിലെ തീരദേശ വാർഡുകളായ കടപ്പുറം സൗത്ത്, കടപ്പുറം നോർത്ത്, ലൈറ്റ് ഹൗസ് എന്നിവിടങ്ങളിൽ കോവിഡ് സമൂഹവ്യാപനം സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് മൂന്നുവാർഡുകളും അടച്ചുപൂട്ടി കണ്ടെയ്ൻമെന്റ് സോൺ ആക്കി മാറ്റി. വെള്ളിയാഴ്ചയാണ് ഈ പ്രദേശങ്ങളിലെ വിവിധ മേഖലയിൽപ്പെട്ടവരെ മീൻപിടിത്തക്കാർ, മീൻ വിൽപ്പനക്കാർ, ഡ്രൈവർമാർ, കടയിലെ ജീവനക്കാർ, മുതിർന്ന പൗരന്മാർ, കുട്ടികൾ, രോഗലക്ഷണമുള്ളവർ എന്നിങ്ങനെ ഏഴായി തിരിച്ചു 54 പേരുടെ സ്രവം ഓഗ്മെന്റഡ് ടെസ്റ്റിനായി ശേഖരിച്ചത്.
ഫലം വന്നപ്പോൾ ആരോഗ്യവകുപ്പ് അധികൃതരെപ്പോലും ഞെട്ടിച്ച് 24 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗബാധിതരിൽ ഗവ. ആശുപത്രി ജീവനക്കാരൻ, ഫീഷറീസ് ഓഫീസ് ജീവനക്കാരൻ, സ്വകാര്യ ലാബ് ജീവനക്കാരൻ എന്നിവരും ഉൾപ്പെടും. ഒരു ഭാഗം കടലും മറുഭാഗം ടൗണും ആയിട്ടുള്ള ഈ പ്രദേശത്ത് വീടുകൾ തൊട്ടുതൊട്ടാണ് സ്ഥിതിചെയ്യുന്നത്.
ഭൂരിഭാഗം പേർക്കും ക്വാറന്റൈനിൽ കഴിയാനുള്ള സൗകര്യമില്ല. 80 ശതമാനം പേരും പ്രാഥമികാവശ്യങ്ങൾക്ക് കടപ്പുറത്തെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ കസബ ഫിഷറീസ് യുപി സ്കൂളും ഫിഷറീസ് വകുപ്പിന്റെ ഇരുനില കെട്ടിടവും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിനായി ഏറ്റെടുക്കാൻ തീരുമാനിച്ചു. ഇവിടെ ജനങ്ങൾക്ക് പുറത്തിറങ്ങാൻ അനുമതിയില്ലാത്തതിനാൽ വീടുകളിലേയ്ക്ക് മരുന്നും അവശ്യസാധനങ്ങളും എത്തിച്ചുനൽകുന്നതിന് 15 വോളണ്ടിയർമാരെ നിയോഗിക്കും. ആന്റിജൻ ടെസ്റ്റ് നടത്തി റിസൾട്ട് നെഗറ്റീവ് ആകുന്നവരെ മാത്രമേ വോളണ്ടിയർമാരായി നിയോഗിക്കുകയുള്ളൂ.
ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ഫിഷറീസ് ഓഫീസ് അടച്ചു.
കസബ കടപ്പുറത്തെ ഓഫീസാണ് അടച്ചത്.ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഓഫീസ് അടച്ചതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി.സതീശന് അറിയിച്ചു.