ജില്ലാ അതിർത്തിയിൽ പരിശോധന കർശനം; നെഗറ്റീവ് സെർട്ടിഫിക്കറ്റുള്ളവരെ കടത്തി വിടുന്നു

സുള്ള്യ ∙ കോവിഡ് വ്യാപനം തടയുന്നതിനായി കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി സുള്ള്യ, പുത്തൂർ എന്നിവിടങ്ങളിലെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. എല്ലാ വാഹനങ്ങളെയും പരിശോധിച്ച് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് ഉള്ളവരെ മാത്രമാണു കടത്തി വിടുന്നത്. അതിർത്തി ചെക്ക് പോസ്റ്റുകളിൽ പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവർ വാഹനങ്ങളിൽ എത്തുന്നവരെ പരിശോധിച്ച് ഉറപ്പു വരുത്തി റിപ്പോർട്ട് ഉള്ളവരെ മാത്രമാണു കടത്തി വിടുന്നത്.
കേരള–കർണാടക അതിർത്തിയായ തലപ്പാടിയിൽ മംഗളൂരു പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ കേരള അതിർത്തിക്കുള്ളിലാണെന്നു ആരോപിച്ച് ഇടത് യുവജന സംഘടന പ്രവർത്തകർ നീക്കം ചെയ്യുന്നു.
സുള്ള്യ താലൂക്കിൽ കേരളത്തിന്റെ അതിർത്തിയായ മുറൂർ, മണ്ടെക്കോൽ, കന്നാഡിതോട്, ബഡ്ഡടുക്ക സമീപം വാട്ടോളി എന്നിവിടങ്ങളിലും പുത്തൂർ താലൂക്കിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. കാസർകോട്ടേക്കു സഞ്ചരിക്കുന്ന ബസ് സർവീസ് നിർത്തി. ദിവസവും യാത്ര ചെയ്യുന്ന വിദ്യാർഥികളും ജീവനക്കാരും മറ്റും 7 ദിവസത്തിൽ ഒരിക്കൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.

