ഇത്രയും വലുപ്പമുള്ള മത്തി ലഭിക്കാറില്ലെന്ന് മത്സ്യത്തൊഴിലാളികൾ; കനിഞ്ഞ് കടലമ്മ, മടക്കരയിൽ മത്തിച്ചാകര

ചെറുവത്തൂർ ∙ കടലിൽ മത്തി ചാകര. ഇതോടെ മടക്കര മീൻപിടിത്ത തുറമുഖം രാപകലില്ലാതെ സജീവമായി. മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ആഹ്ലാദ തിമർപ്പിലാണ്. അടുത്ത കാലത്തൊന്നും ഇത്രയും വലിപ്പമുള്ള മത്തി ലഭിച്ചിട്ടില്ലെന്നാണു മത്സ്യത്തൊഴിലാളികൾ പറയുന്നത്. ചാകരയറിഞ്ഞതോടെ മീൻ ശേഖരിക്കാൻ നാട്ടുകാർ തുറമുഖത്തെത്തി. കഴിഞ്ഞ രണ്ടു ദിവസമായി വൈകിട്ട് 3നു ശേഷമാണു നിറയെ മത്തിയുമായി വള്ളങ്ങൾ തുറമുഖത്തെത്തിയത്. രാവിലെയെത്തിയ വള്ളങ്ങളിൽ ചെമ്മീനും ചെറു മീനുകളുമായിരുന്നു. ചാകരയെത്തിയതറിഞ്ഞതോടെ ധാരാളമായി കച്ചവടക്കാരെത്തിയതിനാൽ വള്ളക്കാർക്കു മീനിനു മോശമല്ലാത്ത വിലയും ലഭിച്ചു. മത്തി ധാരാളമായി വിൽപന കേന്ദ്രങ്ങളിൽ എത്തിയതോടെ അടുത്ത കാലത്ത് കിലോയ്ക്ക് 300 രൂപയുണ്ടായിരുന്ന മത്തിയുടെ വില 150 രൂപയായി കുറഞ്ഞതും ജനങ്ങൾക്ക് ആശ്വാസമായി. കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിലും മത്തി ധാരാളമായി ലഭിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. എന്നാൽ നീണ്ട 52 ദിവസത്തെ ട്രോളിങ് നിരോധനം കഴിഞ്ഞ് 2 ദിവസമായി കടലിൽ പോയ മീൻപിടിത്ത ബോട്ടുകൾക്കു വേണ്ടത്ര മീനുകൾ ലഭിച്ചില്ല.

