KSDLIVENEWS

Real news for everyone

വയനാട് ദുരന്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് ആശ്വാസ ധനമായി 4 കോടി അനുവദിച്ചു, പ്രദേശത്ത് സൗജന്യ റേഷന്‍

SHARE THIS ON

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആശ്വാസ ധനസഹായം നല്‍കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയില്‍നിന്ന് ജില്ലാ കളക്ടര്‍ക്ക് നാല് കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്. ദുരന്തമേഖലയായ മുണ്ടക്കൈ, ചുരല്‍

മല പ്രദേശങ്ങളിലെ ARD 44, 46 എന്നീ റേഷന്‍കടകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഓഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം പൂര്‍ണമായും സൗജന്യമായി നല്‍കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് നിലവില്‍ സൗജന്യമായും മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ന്യായവിലയ്ക്കുമാണ് റേഷന്‍ നല്‍കിവരുന്നത്. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലെ മുന്‍ഗണനേതര വിഭാഗക്കാരായ നീല, വെള്ള കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും പൂര്‍ണ്ണമായും സൗജന്യമായി റേഷന്‍ വിഹിതം നല്‍കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

കന്നുകാലികള്‍ അനാഥരല്ല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങള്‍ ഇനി അനാഥരല്ല. പരിക്കേറ്റ മൃഗങ്ങള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് ആവശ്യമായ ചികിത്സ നല്‍കിയ ശേഷം ഏറ്റെടുക്കാന്‍ തയ്യാറുള്ള സമീപപ്രദേശങ്ങളിലെ ക്ഷീരകര്‍ഷകരെ ഏല്‍പ്പിക്കും. ചൂരല്‍മലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്. മൃഗങ്ങളെ ഏറ്റെടുക്കുന്ന ക്ഷീരകര്‍ഷകരുടെ പേരുവിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തും. നിലവില്‍ മൃഗങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം, ജലം എന്നിവ എന്‍ജിഒ, വോളണ്ടിയര്‍മാര്‍ മുഖേന ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞദിവസം ചൂരല്‍മല ദുരന്തസ്ഥലത്തുനിന്ന് ലഭിച്ച രണ്ട് നായക്കുട്ടികളെ സൈന്യത്തിനും പോലിസ് സ്പെഷ്യല്‍ ഡിഫെന്‍സ് ഗ്രൂപ്പിനും കൈമാറിയിരുന്നു. ചൂരല്‍മല, മുണ്ടക്കൈ ഉള്‍പ്പെടെയുള്ള ദുരന്തബാധിത സ്ഥലങ്ങളില്‍നിന്ന് ജീവനോടെയും അല്ലാതെയും കണ്ടെത്തുന്ന വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും കണ്‍ട്രോള്‍ റൂമില്‍ എത്തിച്ച് തുടര്‍നടപടി സ്വീകരിക്കും.

വെറ്ററിനറി ഡോക്ടര്‍മാരും ഫീല്‍ഡ് ഓഫീസര്‍മാരും ഉള്‍പ്പെടുന്ന സംഘം രണ്ട് ബാച്ചുകളിലായാണ് പ്രവര്‍ത്തിക്കുന്നത്. ഒഡോക്ടറും ഫീല്‍ഡ് ഓഫീസറും ചേര്‍ന്ന് ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെയാണ് ചെറിയ മൃഗങ്ങളെ കൂടുകളിലാക്കിയും വലിയ മൃഗങ്ങളെ ആംബുലന്‍സില്‍ കയറ്റിയും മേപ്പാടിയിലെ പഞ്ചായത്ത് ഹോസ്പിറ്റലില്‍ എത്തിക്കുന്നത്. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ പ്രോട്ടോകോള്‍ പ്രകാരം ചത്ത മൃഗങ്ങളെ പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. രാജേഷ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് ലഭിക്കുന്ന മൃഗങ്ങളുടെ ശരീര ഭാഗങ്ങള്‍ മേപ്പാടിയില്‍ സംസ്കരിക്കുന്നതിനും സജ്ജീകരണമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!