KSDLIVENEWS

Real news for everyone

ഉയരം പേടിയാണ്, പക്ഷേ, അപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല’; കുത്തിയൊലിക്കുന്ന പുഴ, റോപ്പിലൂടെ ഡോക്ടർ

SHARE THIS ON

കോഴിക്കോട്: കേരളത്തിന്റെ ഉള്ളുലച്ച വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ രക്ഷാകരങ്ങളുമായി നിരവധി പേരാണ് ദുരന്തമുഖത്തെത്തിയത്. ജീവനുവേണ്ടിയുള്ള നിലവിളികള്‍ക്കിടയില്‍ അവരെ സുരക്ഷിതരാക്കാനും ഒറ്റപ്പെട്ടവരെ കണ്ടെത്താനും രക്ഷാപ്രവര്‍ത്തകരെല്ലാം കൈമെയ് മറന്ന് ഒരുമിച്ചുനിന്നു. കുത്തിയൊലിക്കുന്ന പുഴയും ചെളിയും പ്രതികൂല കാലാവസ്ഥയുമെല്ലാം തരണംചെയ്തായിരുന്നു ഓരോ രക്ഷാപ്രവര്‍ത്തകന്റെയും ഇടപെടല്‍. അതിലൊരാളായിരുന്നു കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം ഡോക്ടറായ ലവ്‌ന മുഹമ്മദും.

ഏറെ വെല്ലുവിളിനിറഞ്ഞ ആദ്യഘട്ട രക്ഷാപ്രവര്‍ത്തനത്തില്‍ പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനും അവരെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിക്കാനും ലവ്‌ന ഉള്‍പ്പെട്ട മെഡിക്കല്‍ സംഘം ചൂരല്‍മലയിലുണ്ടായിരുന്നു. ഈ സമയത്താണ് ചൂരല്‍മലയെ രണ്ടായി പിളര്‍ത്തിയ പുഴയുടെ മറുകരയില്‍ കുടുങ്ങിയവരെ സുരക്ഷിതമായി ഇക്കരെയെത്തിക്കാനും അവര്‍ക്കുവേണ്ട ചികിത്സ നല്‍കാനും ലവ്‌ന റോപ്പില്‍ കയറി മറുകരയിലെത്തിയത്. കുത്തിയൊലിക്കുന്ന പുഴയ്ക്ക് കുറുകെ കെട്ടിയ റോപ്പ് വഴി വനിതാ ഡോക്ടര്‍ മറുകരയിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു.
ഒറ്റചിന്തയിലായിരുന്നു ലവ്‌ന റോപ്പ് വഴി മറുകരയിലേക്ക് പോകാന്‍ തീരുമാനിച്ചത്. പരിക്കേറ്റെത്തിയ നിരവധി പേരെയാണ് അവിടെയെത്തി പ്രാഥമിക ചികിത്സ നല്‍കിയത്. ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ സേവനം ഉപയോഗിച്ച് ആശുപത്രിയിലെത്തിക്കാനും ലവ്‌ന നേതൃത്വം നല്‍കി. ചൂരല്‍മലയിലെ മനസ് മരവിപ്പിക്കുന്ന കാഴ്ചകളും അന്നത്തെ വെല്ലുവിളികള്‍ നിറഞ്ഞ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും ലവ്‌ന മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

മൈസൂരുവില്‍നിന്ന് വയനാട്ടിലേക്ക്

കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ സ്‌പെഷ്യലിസ്റ്റാണ് ഡോ. ലവ്‌ന മുഹമ്മദ്. സംഭവദിവസം മൈസൂരുവിലായിരുന്ന ലവ്‌ന വയനാട്ടില്‍ വലിയ ഉരുള്‍പൊട്ടലുണ്ടായെന്ന വിവരമറിഞ്ഞതോടെ അവിടെനിന്ന് യാത്രതിരിക്കുകയായിരുന്നു.

”ചൊവ്വാഴ്ച രാവിലെ വിവരമറിഞ്ഞയുടന്‍ ഞാന്‍ മൈസൂരുവില്‍നിന്ന് വയനാട്ടിലേക്ക് തിരിച്ചു. ഈ സമയം കോഴിക്കോട്ടുനിന്നു ഞങ്ങളുടെ ഒരു ടീം വയനാട്ടിലേക്ക് പുറപ്പെട്ടിരുന്നു. അവര്‍ക്കൊപ്പം ഡോക്ടര്‍മാര്‍ ആരുമില്ല, അതിനാല്‍ ഡോക്ടര്‍ അവരുടെ കൂടെ ചേര്‍ന്നോളൂ എന്നായിരുന്നു എനിക്ക് ലഭിച്ച സന്ദേശം. നഴ്‌സായ ലബീബ്, നഴ്‌സിങ് അസിസ്റ്റന്റ് ഫസീന, ആസ്റ്റര്‍ വളണ്ടിയര്‍ ഗ്രൂപ്പ് ഹെഡ് അസീസ് എന്നിവരായിരുന്നു കൂടെയുണ്ടായിരുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ ഞങ്ങള്‍ ചൂരല്‍മലയിലെത്തി. അവിടെ എത്തിയപ്പോള്‍ മൃതദേഹങ്ങള്‍ ആണ് ഇപ്പോള്‍ കൊണ്ടുവരുന്നതെന്നും ഇപ്പോള്‍ ഞങ്ങളുടെ സേവനം ആവശ്യമുണ്ടാകില്ലെന്നുമാണ് ആദ്യം പറഞ്ഞിരുന്നത്. പക്ഷേ, താഴേക്ക് പോയി നോക്കിയപ്പോഴാണ് കുത്തിയൊലിക്കുന്ന പുഴയുടെ മറുകരയില്‍ നിരവധിപേരെ കണ്ടത്. അവരെ റോപ്പ് വഴി ഇക്കരയ്ക്ക് കൊണ്ടുവരുന്നുണ്ടായിരുന്നു. എന്നാല്‍, പരിക്കേറ്റവരെ ഇത്തരത്തില്‍ കൊണ്ടുവരുമ്പോള്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നട്ടെല്ലിനും നെഞ്ചിനും പരിക്കുണ്ടെങ്കില്‍ അത്ര പെട്ടെന്ന് ഷിഫ്റ്റ് ചെയ്യാനാകില്ല. അങ്ങനെ പരിക്കുണ്ടെങ്കില്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ പരിക്ക് ഗുരുതരമാകും. ഇത്തരമൊരു ഘട്ടത്തില്‍ രോഗികളെ സ്‌റ്റൈബിലൈസ് ചെയ്തിട്ട് ഷിഫ്റ്റ് ചെയ്യുന്നതാകും നല്ലത്. അല്ലെങ്കില്‍ പരിക്ക് ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. പരിക്കേറ്റ നിരവധി പേര്‍ മറുകരയിലുള്ളതിനാല്‍ ഞാന്‍ അവിടേക്ക് പോകാമെന്ന് പറഞ്ഞു. അങ്ങനെ റോപ്പില്‍ കെട്ടി അവര്‍ എന്നെ അങ്ങോട്ട് അയച്ചു”.

പരിക്കേറ്റ ഒട്ടേറെപേര്‍

”അവിടെ പരിക്കേറ്റവര്‍ ഒട്ടേറെ പേരുണ്ടായിരുന്നു. സന്നദ്ധസംഘടനകളില്‍പ്പെട്ട പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തകരും അവിടെയുണ്ടായിരുന്നു. പിന്നീട് ഞങ്ങള്‍ ഒരുമിച്ച് അവിടെയുണ്ടായിരുന്ന പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കി. പലര്‍ക്കും മുറിവേറ്റിരുന്നു. ചിലര്‍ക്ക് നെഞ്ചിലായിരുന്നു പരിക്ക്. മറ്റു ചിലര്‍ക്ക് നട്ടെല്ലിന് പരിക്കുണ്ടായിരുന്നു. നട്ടെല്ലിന് പരിക്കേറ്റാല്‍ ചെറിയ രീതിയിലുള്ള ചലനം പോലും പ്രശ്‌നമാകും. അങ്ങനെയുള്ളവരെ സ്‌പൈന്‍ ബോര്‍ഡില്‍ കിടത്തിയാണ് പ്രാഥമിക ചികിത്സ നല്‍കേണ്ടത്. അങ്ങനെയുള്ളവരെ പിന്നീട് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കയറ്റിവിട്ടു.


ആകെ ആറുപേരെ ഒരുതവണ ഹെലികോപ്റ്ററില്‍ കൊണ്ടുപോകാന്‍ കഴിയുമെന്നാണ് സൈനികര്‍ പറഞ്ഞത്. ആ സമയത്ത് ഹെലികോപ്റ്ററില്‍ വേറെ മൂന്നുപേര്‍ കൂടിയുണ്ടായിരുന്നു. അവരുടെ ആരോഗ്യനില പരിശോധിക്കാനും സൈനികര്‍ ആവശ്യപ്പെട്ടു. അവിടെയുള്ള രോഗികളെ പോയി നോക്കി. അവര്‍ സ്‌റ്റേബിളായിരുന്നു. അങ്ങനെ സ്‌റ്റൈബിലേസ് ചെയ്യേണ്ട രോഗികളെ ഹെലികോപ്റ്ററില്‍ കയറ്റി വേഗം ആശുപത്രിയിലേക്ക് മാറ്റി. ആ ഘട്ടത്തില്‍ എന്‍.ഡി.ആര്‍.എഫ്, അഗ്നിരക്ഷാസേന, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെല്ലാം ചെയ്ത പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടതാണ്”- ഡോ. ലവ്‌ന പറഞ്ഞു.

രക്ഷിക്കാന്‍ പറ്റുന്നവരെ രക്ഷിക്കുക, വൈകാരികതയ്ക്ക് ഇടമില്ല

ഇത്തരമൊരു ദുരന്തമുഖത്ത് ഒരിക്കലും വൈകാരികതയ്ക്ക് സ്ഥാനമില്ലെന്നാണ് ഡോ. ലവ്‌ന പറയുന്നത്. ആരെയും വേദനിപ്പിക്കുന്ന കാഴ്ചകളും വികാരനിര്‍ഭരമായ രംഗങ്ങളുമായിരുന്നു കണ്‍മുന്നില്‍. പക്ഷേ, അവിടെ വൈകാരികമായ തീരുമാനത്തിന് പ്രസക്തിയില്ലെന്നും ഡോക്ടര്‍ പറയുന്നു.

”രക്ഷിക്കാന്‍ പറ്റുന്നവരെ എന്തായാലും രക്ഷിക്കുക, മരിച്ചവരെ പിന്നീട് ഷിഫ്റ്റ് ചെയ്താലും മതിയല്ലോ. വൈകാരികമായി ചിന്തിക്കുകയാണെങ്കില്‍ അങ്ങനെയൊരു തീരുമാനം ബുദ്ധിമുട്ടാണ്. മരണപ്പെട്ടവരെയും അവിടെനിന്ന് മാറ്റി അപ്പുറത്തേക്ക് എത്തിക്കാനാണ് എല്ലാവരും ശ്രമിക്കുക. പക്ഷേ, ഇങ്ങനെയൊരു ദുരന്തമുഖത്ത് അത്തരം വൈകാരികതയ്ക്ക് സ്ഥാനമില്ല. അത് പാടില്ല. അത് നടക്കുകയുമില്ല. ജീവനുള്ളവരെ നമുക്ക് രക്ഷിക്കാനാകും, മരിച്ചവരെ ഒന്നും ചെയ്യാനാകില്ലല്ലോ.


ആ സമയത്ത് ഞാന്‍ മാത്രമേ അവിടെ ഡോക്ടറുണ്ടായിരുന്നുള്ളൂ. അന്നത്തെ രക്ഷാപ്രവര്‍ത്തനം വൈകീട്ട് 6.30-ന് കഴിഞ്ഞു. താത്കാലിക പാലം നിര്‍മിച്ചതോടെ കുറേപേരെ അങ്ങനെ ഷിഫ്റ്റ് ചെയ്തു. ആ സമയത്ത് മറ്റൊരു മെഡിക്കല്‍ സംഘം അവിടെ എത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ മുറിവേറ്റവര്‍ക്കെല്ലാം അവര്‍ പ്രാഥമിക ചികിത്സ നല്‍കി”

ഉയരം പേടിയുള്ള ആളാണ്, പക്ഷേ, അപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല

”റോപ്പും ഉയരവുമെല്ലാം എനിക്ക് പേടിയാണ്. ഉയരത്തില്‍നിന്ന് വെള്ളം കാണുന്നതും ഭയമുണ്ടാക്കുന്നതാണ്. പക്ഷേ, ആ സമയത്ത് അവിടെ വേറെയൊരു ഡോക്ടര്‍ ഇല്ലെന്ന് കണ്ടപ്പോള്‍ മറ്റൊന്നും ചിന്തിക്കാനായില്ല. മാത്രമല്ല, ഞാന്‍ എമര്‍ജന്‍സി ഫിസിഷ്യനുമാണ്. അപ്പോള്‍ ഞാന്‍ അങ്ങനെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് ശരിയല്ലെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് മറുകരയിലേക്ക് പോകാമെന്ന ഉറച്ചതീരുമാനമെടുത്തത്.

ചൂരല്‍മലയില്‍ എത്തിയപ്പോഴാണ് ഡോക്ടറുടെ സേവനം അവിടെ അത്യാവശ്യമാണെന്ന് തോന്നിയത്. ആ ധൈര്യത്തിലാണ് അപ്പുറത്തേക്ക് പോയത്. സത്യം പറഞ്ഞാല്‍ എന്റെയുള്ളില്‍ നല്ല പേടിയുണ്ടായിരുന്നു. കുത്തിയൊലിക്കുന്ന വെള്ളമായിരുന്നു താഴെ. റോപ്പ് അങ്ങോട്ടും ഇങ്ങോട്ടും ആടിയാണ് പോവുക. അതൊക്കെ ടെന്‍ഷനുണ്ടാക്കിയിരുന്നു. പക്ഷേ, അതിനെക്കാളും വലിയ ദുരിതവും വേദനയും അനുഭവിക്കുന്ന ഒരുകൂട്ടം ആള്‍ക്കാരാണ് അപ്പുറത്തുണ്ടായിരുന്നത്. അത് കാണുമ്പോള്‍ മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു”- ലവ്‌ന പറഞ്ഞു.

ഇപ്പോഴും ആ രംഗങ്ങള്‍ മനസ്സില്‍

ചൂരല്‍മലയിലെ ദുരന്തമേഖലയില്‍ കണ്ട കാഴ്ചകള്‍ അത്രയേറെ വേദനിപ്പിക്കുന്നതായിരുന്നു. ഇപ്പോഴും ആ ട്രോമയില്‍നിന്ന് കരകയറിയിട്ടില്ലെന്നും ഡോ. ലവ്‌ന പറഞ്ഞു.

”മരിച്ചവരെ ട്രക്കില്‍ കൊണ്ടുവരുന്നു. പരിക്കേറ്റ കുട്ടികള്‍, അവരുടെ കരച്ചില്‍. ഇപ്പോഴും ആ ട്രോമയില്‍നിന്ന് ഞാന്‍ കരകയറിയിട്ടില്ല. പരിക്കേറ്റവരില്‍ ഒരു അമ്മയും മൂന്നുമാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നു. ആദ്യം അമ്മയെ പ്രാഥമിക ചികിത്സ നല്‍കി റോപ്പില്‍ അക്കരെ എത്തിച്ചു. കുഞ്ഞിനെ കൊണ്ടുപോകാനായി ഞങ്ങള്‍ മരുന്ന് കൊണ്ടുവന്ന ബാസ്‌കറ്റാണ് എടുത്തത്. അതിലുണ്ടായിരുന്ന മരുന്നെല്ലാം മറ്റൊരു പെട്ടിയിലേക്ക് മാറ്റി. അത് വൃത്തിയാക്കി കുഞ്ഞിന് ചൂട് കിട്ടാനായി പഞ്ഞി നിരത്തി. ടവല്‍ വിരിച്ചു. തുടര്‍ന്ന് അഗ്നിരക്ഷാസേനയിലെ ഒരു ഉദ്യോഗസ്ഥനാണ് ആ കുഞ്ഞിനെ റോപ്പിലൂടെ കൊണ്ടുപോയത്. കുഞ്ഞിന്റെ പള്‍സെല്ലാം നോക്കി അപ്പുറത്തെ കരയിലുള്ള നഴ്‌സിനെ വിവരമറിയിച്ചിരുന്നു. കുട്ടി വരുന്നുണ്ട്, ആ കുട്ടിയെ വന്നയുടന്‍ പള്‍സ് അടക്കം നോക്കണമെന്ന് നിര്‍ദേശം നല്‍കി. ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചു.

പരിക്കേറ്റവരില്‍ പിന്നെയും കുറേ കുട്ടികളുണ്ടായിരുന്നു. ചിലരെ സ്‌പൈന്‍ ബോര്‍ഡില്‍ കിടത്തി അത് റോപ്പില്‍ കെട്ടി അക്കരെ എത്തിച്ചു. വ്യോമസേന എത്തി എല്ലാവരെയും രക്ഷപ്പെടുത്തിയെന്ന് അറിയിച്ചതോടെയാണ് അവിടെനിന്ന് മടങ്ങിയത്. വൈകീട്ടായതോടെ മഞ്ഞും വെളിച്ചക്കുറവും ഉണ്ടായി. ഇതിനിടെ നട്ടെല്ലിന് പരിക്കേറ്റവര്‍ക്ക് എങ്ങനെ പ്രാഥമിക ചികിത്സ നല്‍കണമെന്ന് അവിടെയുണ്ടായിരുന്നവര്‍ക്ക് പറഞ്ഞുകൊടുക്കാനും കഴിഞ്ഞു.

ഭയങ്കര കഷ്ടമാണ് അവിടെയുള്ള അവസ്ഥ. ഇമോഷണലി ആ ട്രോമ മാറിയിട്ടില്ല. പരിക്കേറ്റവരെല്ലാം നിലവില്‍ വിംസ് ആശുപത്രിയിലാണ്. അവിടെ ഡോക്ടര്‍മാരുടെ വിപുലമായ സംഘമുണ്ട്. ഹൗസ് സര്‍ജന്‍മാരുടെയും മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും സേവനവും ലഭ്യമാണ്.”

റോപ്പ് വഴി മറുകരയിലേക്ക്, പേടിച്ചിട്ട് കാര്യമില്ലെന്ന് മനസിലായി

”ഇപ്പോള്‍ ഞാന്‍ ഇറങ്ങിയിട്ടില്ലെങ്കില്‍ നടക്കില്ല എന്ന് മാത്രമാണ് അപ്പോള്‍ തോന്നിയത്. പേടിച്ചിട്ട് കാര്യമില്ല എന്ന് തോന്നി. ആരും എന്നെ നിര്‍ബന്ധിച്ചിട്ടില്ല. കൂടെവന്നവര്‍ പോലും അറിഞ്ഞില്ല ഞാന്‍ കയറിപ്പോയത്. ആ സമയത്ത് അങ്ങനെ ചെയ്യണമെന്ന് തോന്നി. എന്റെ സുഹൃത്തിന്റെ ബന്ധുക്കളായ ആറുപേരെയാണ് ഉരുള്‍പൊട്ടലില്‍ നഷ്ടമായത്. ഏറെ സുഹൃത്തുക്കളുള്ള അത്രമേല്‍ പ്രിയപ്പെട്ടയിടമാണ് വയനാട്.


2018-ല്‍ പ്രളയസമയത്ത് പലയിടത്തും പോയിരുന്നു. അന്ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ പി.ജി. ചെയ്യുകയാണ്. അന്ന് തോണിയിലും ലോറിയുമെല്ലാം പോയി പലരെയും ചികിത്സിച്ചിരുന്നു. മിക്കയിടത്തും ക്യാമ്പുകളിലായിരുന്നു. പക്ഷേ, ഇങ്ങനെയൊരു ദുരന്തമുഖത്ത് ഇത് ആദ്യമായിട്ടായിരുന്നു.

ഇത്തരം ദുരന്തങ്ങള്‍ നേരിടാനും ചികിത്സ നല്‍കാനും എമര്‍ജന്‍സി വിഭാഗത്തിലെ ഡോക്ടര്‍മാരെല്ലാം പരിശീലനം നേടിയവരാണ്. ഏതുസമയം വേണമെങ്കിലും വിളിക്കാമെന്നാണ് വയനാട്ടില്‍നിന്ന് അറിയിച്ചിട്ടുള്ളത്. ഇപ്പോള്‍ അടിയന്തരസേവനം ആവശ്യമില്ലെന്നും പറഞ്ഞിരുന്നു”.

ആസ്റ്ററിന്റെ വലിയ പിന്തുണ

ഇത്തരം സന്ദര്‍ഭങ്ങളില്‍ ആസ്റ്റര്‍ വലിയ പിന്തുണയാണ് നല്‍കുന്നതെന്ന് ഡോ.ലവ്‌ന പറഞ്ഞു. ”കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ജോലിചെയ്യുന്ന സമയത്താണ് പ്രളയമുണ്ടായത്. അന്ന് പലയിടങ്ങളിലേക്കും ആസ്റ്റര്‍ സേവനത്തിനായി ഞങ്ങളെ പറഞ്ഞയിച്ചിരുന്നു. ആസ്റ്റര്‍ വളണ്ടിയര്‍ എന്നൊരു ഗ്രൂപ്പുണ്ട്. സേവന സന്നദ്ധരായ ആസ്റ്റര്‍ ജീവനക്കാര്‍ക്കെല്ലാം അതില്‍ അംഗമാകാം. ഞാനും 2018 മുതല്‍ ആസ്റ്റര്‍ വളണ്ടിയറാണ്. ആസ്റ്റര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ മുതല്‍ ശുചീകരണത്തൊഴിലാളികള്‍ വരെ ഇതില്‍ അംഗങ്ങളാണ്.”

ഉമ്മയാണ് ധൈര്യം

ആയുര്‍വേദ ഡോക്ടറായ ഉമ്മ സാബിറ ബാനുവാണ് ഇത്തരം ഘട്ടങ്ങളില്‍ തന്റെ ധൈര്യമെന്ന് ലവ്‌ന പറയുന്നു. ”ഉമ്മയാണ് എന്റെ ധൈര്യം. അന്ന് എനിക്ക് ധൈര്യം നല്‍കിയതും ഉമ്മയാണ്. വീഡിയോ കണ്ട് ബന്ധുക്കളില്‍ പലരും പേടിയോടെയാണ് വിളിച്ച് സംസാരിച്ചത്. പക്ഷേ, എന്റെ ഉമ്മാക്ക് മാത്രം അതൊന്നും ഉണ്ടായില്ല. അത് അവള്‍ ചെയ്യേണ്ടതാണ് എന്നായിരുന്നു ഉമ്മയുടെ പ്രതികരണം. ഉമ്മ ഭയങ്കര സ്‌ട്രോങ് ആണ്. ഞാന്‍ മൈസൂരുവില്‍നിന്ന് പുറപ്പെടുമ്പോള്‍ തന്നെ ഉമ്മയെ അറിയിച്ചിരുന്നു. നീ എത്രയും പെട്ടെന്ന് അവിടെ എത്തണം, നിനക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യണം എന്നായിരുന്നു ഉമ്മയുടെ മറുപടി. വീഡിയോ കണ്ടപ്പോള്‍ ഊഞ്ഞാലാടാന്‍ വരെ പേടിയുള്ള നീ ആണോ അതിന്റെ മുകളില്‍ കയറി നിന്നതെന്നും ഉമ്മ ചോദിച്ചിരുന്നു.”

നേരത്തെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ജോലിചെയ്തിരുന്ന മലപ്പുറം ചേളാരി സ്വദേശിനിയായ ഡോ. ലവ്‌ന മുഹമ്മദ് കഴിഞ്ഞ ഒരുവര്‍ഷമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ സ്‌പെഷ്യലിസ്റ്റാണ്. കാലിക്കറ്റ് സര്‍വകലാശാല അറബിക് വിഭാഗം റിട്ട. പ്രൊഫസറായ പരേതനായ ഡോ. വി.മുഹമ്മദാണ് പിതാവ്. മാതാവ് സാബിറ ബാനു ചേളാരിയിലെ ആയുര്‍വേദ ഡോക്ടറാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!