ഭാരം 70ൽ നിന്നും 25 കിലോയിലേക്ക്; ഗസ്സയിൽ കായിക താരം പട്ടിണി മൂലം മരണപ്പെട്ടു

ഗസ്സ; ഇസ്രായേലിന്റെ തുടർച്ചയായ ഉപരോധവും സഹായ വിതരണത്തിനുള്ള തടസ്സങ്ങളും മൂലം ഗസ്സയിൽ ഭക്ഷണം ലഭിക്കാതെ 17 വയസ്സുകാരനായ ഫലസ്തീൻ യുവാവ് മരണപ്പെട്ടതായി മെഡിക്കൽ ഉദ്യോഗസ്ഥരും ബന്ധുക്കളും അറിയിച്ചു.
ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന ആതിഫ് അബു ഖാതർ എന്ന യുവാവാണ് ശനിയാഴ്ച ഗസ്സ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്.
ആതിഫിന്റെ ശരീരഭാരം 70 കിലോഗ്രാമിൽ നിന്ന് വെറും 25 കിലോഗ്രാമായി കുറഞ്ഞിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഇത് ഒമ്പത് വയസ്സുള്ള ഒരു കുട്ടിയുടെ ശരീരഭാരത്തിന് തുല്യമാണ്.
“ആതിഫ് ഒരു പ്രാദേശിക കായിക താരമായിരുന്നു. അവന്റെ ശരീരഭാരം ഗണ്യമായി കുറയുകയും, തീവ്രമായ പോഷകാഹാരക്കുറവ് ബാധിക്കുകയും, ഒടുവിൽ മരണപ്പെടുകയും ചെയ്തു,” അൽ ജസീറയുടെ ഗാസാ സിറ്റിയിലെ റിപ്പോർട്ടർ ഹാനി മഹ്മൂദ് റിപ്പോർട്ട് ചെയ്തു.
“ഗാസയിലുടനീളം ആയിരക്കണക്കിന് തീവ്ര പോഷകാഹാരക്കുറവ് കേസുകളിൽ ഒന്നാണ് ആതിഫിന്റേത്,” അദ്ദേഹം കൂട്ടിച്ചേർത്തു.