പാരാലിമ്പിക്‌സ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അവനിയ്ക്ക് വെങ്കലം

ടോക്യോ: പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ കൂടി. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ എസ്.എച്ച് വൺ വിഭാഗത്തിൽ ഇന്ത്യയുടെ അവനി ലേഖറ വെങ്കലമെഡൽ സ്വന്തമാക്കി. ഇന്ത്യ ടോക്യോ പാരാലിമ്പിക്സിൽ നേടുന്ന 12-ാം മെഡലാണിത്. ടോക്യോ പാരാലിമ്പിക്സിൽ അവനിയുടെ രണ്ടാം മെഡലാണിത്. നേരത്തേ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ അവനി സ്വർണം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതോടെ പാരാലിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരം എന്ന റെക്കോഡ് അവനി സ്വന്തമാക്കി. വെറും 19 വയസ്സ് മാത്രം പ്രായമുള്ള അവനി 445.9 പോയന്റ് നേടിക്കൊണ്ടാണ് വെങ്കലമെഡൽ കഴുത്തിലണിഞ്ഞത്. ഈ ഇനത്തിൽ ചൈനയുടെ സി.പി.ഷാങ് സ്വർണവും ജർമനിയുടെ ഹിൽട്രോപ്പ് വെള്ളിയും സ്വന്തമാക്കി. യോഗ്യതാ റൗണ്ടിൽ നിന്നും രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ് അവനി ഫൈനലിലേക്ക് യോഗ്യത നേടിയത്. ഈ വെങ്കലമെഡൽ നേട്ടത്തോടെ ഇന്ത്യ പോയന്റ് പട്ടികയിൽ 36-ാം സ്ഥാനത്ത് തുടരുന്നു. രണ്ട് സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യയുടെ ശേഖരത്തിലുള്ളത്. ഇന്ന് ഇന്ത്യ നേടുന്ന രണ്ടാം മെഡലാണിത്. നേരത്തേ പുരുഷന്മാരുടെ ഹൈജമ്പിൽ ഇന്ത്യയുടെ പ്രവീൺ കുമാർ വെള്ളിമെഡൽ നേടിയിരുന്നു.

