KSDLIVENEWS

Real news for everyone

സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രായോഗികമല്ല, പ്രതിരോധത്തില്‍ വാര്‍ഡുതല സമിതികള്‍ പിന്നോട്ടുപോയി- മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് സമ്പൂർണ അടച്ചിടൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിരോധ പ്രവർത്തനത്തിൽ വാർഡുതല സമിതികൾ പുറകോട്ട് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത തദ്ദേശപ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.

ഒരു ഘട്ടംവരെ വാർഡുതല സമിതികൾ നന്നായി പ്രവർത്തിച്ചിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ വാർഡുതല സമിതികൾ പുറകിലോട്ട് പോയി. ജാഗ്രതയിൽ കുറവ് വന്നു. അത് ശക്തമാക്കണം. പല സ്ഥലങ്ങളിലും നിരീക്ഷണങ്ങളിൽ ഇരിക്കേണ്ട പലരും പുറത്തിറങ്ങി നടക്കുകയാണ്. അവരെ നിരീക്ഷിക്കാനായി അയൽപക്ക നിരീക്ഷണ സമിതികൾ രൂപീകരിക്കണം. അവരിൽ നിന്ന് പിഴ ഈടാക്കണം. പ്രത്യേക ക്വാറന്റീൻ കേന്ദ്രങ്ങളിലാക്കണം. ക്വാറന്റീൻ ചെലവ് അവരിൽ നിന്ന് ഈടാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

സിഎഫ്എൽടിസികൾ പലയിടത്തും നിർജീവമാണ്. തദ്ദേശസ്ഥാപനങ്ങൾക്ക് അത് നടത്തിക്കാൻ സാമ്പത്തിക പ്രയാസമുണ്ടെങ്കിൽ സർക്കാർ സഹായിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വാർഡുതല സമിതികളിൽ പോലീസിന്റെ സാന്നിധ്യമുണ്ടാവണം. കോവിഡ് രണ്ടാഴ്ചയ്ക്കുള്ളിൽ നിയന്ത്രണത്തിലാവണം, രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് കൊണ്ടുവരാനാവണം. അതിനായി തദ്ദേശസ്ഥാപനങ്ങൾ സടകുടഞ്ഞ് എഴുന്നേൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!