കണ്ണീര്‍നോവായി ആ അഞ്ചുപേര്‍; ഞെട്ടലില്‍ പ്രവാസലോകം

മനാമ: ഓണാഘോഷം കഴിഞ്ഞുമടങ്ങിയ ഉറ്റ സുഹൃത്തുക്കളുടെ മരണം പ്രവാസഭൂമിക്ക് കണ്ണീര്‍നോവായി. ഓണം അവധി കഴിഞ്ഞുവരുന്ന വെള്ളിയാഴ്ചയാണ് സാധാരണ പ്രവാസലോകത്ത് ഓണാഘോഷം തുടങ്ങുന്നത്.
സ്കൂള്‍ അവധിക്കാലവും നാട്ടിലെ ഓണവും കഴിഞ്ഞ് പ്രവാസികുടുംബങ്ങള്‍ അധികവും സെപ്റ്റംബര്‍ ആദ്യം തിരികെ വരുന്നതേയുള്ളു. അങ്ങനെയുള്ള ആദ്യ ആഘോഷദിവസം തന്നെ ചെറുപ്പക്കാരായ അഞ്ചുപേരുടെ മരണം സംഭവിച്ചതിന്‍റെ ഞെട്ടലില്‍ നിന്ന് ആരും മുക്തരായിട്ടില്ല. രാത്രി സംഭവിച്ച അപകടം പുലര്‍ച്ചെയാണ് അധികം പേരും അറിഞ്ഞത്. ആശുപത്രി ജീവനക്കാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഓണാഘോഷങ്ങളില്‍ അഞ്ചുപേരും സജീവമായിരുന്നു.
ഓണാഘോഷങ്ങളുടെ ഭാഗമായി രാവിലെ നടന്ന അത്തപ്പൂക്കളം ഇടുന്നതിലടക്കം നാലു മലയാളി യുവാക്കളും സജീവമായി പങ്കെടുത്തിരുന്നു. ചന്ദ്രയാൻ മാതൃകയില്‍ വ്യത്യസ്ഥമായ അത്തപ്പൂക്കളമിട്ട് സുഹൃത്തുക്കളോടൊപ്പം ഫോട്ടോയുമെടുത്തശേഷമാണ് വൈകീട്ട് ഹോട്ടലില്‍ നടന്ന സദ്യക്കായി അഞ്ചുപേരും പോയത്. മലയാളികളായ നാലുപേരും ആഘോഷത്തിനിടെ ഒരു ഫ്രെയിമില്‍ ഫോട്ടോ എടുക്കുകയും ചെയ്തു.
തൃശൂര്‍ ജില്ലയില്‍ ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി പാറേക്കാടൻ ജോര്‍ജ് മകൻ ഗൈദര്‍ (28),കോഴിക്കോട് സ്വദേശി വി പി മഹേഷ് (34), പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവൻ (26), തെലങ്കാന സ്വദേശി സുമൻ രാജണ്ണ (27), പയ്യന്നൂര്‍ എടാട്ട് സ്വദേശി അഖില്‍ രഘു (28) എന്നിവരാണ് മരിച്ചത്. ആലിയ്ക്കടുത്തുവച്ചാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു.