വയനാട് ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്കൂൾ ഉരുൾപൊട്ടൽ സ്മാരകമായി നിലനിർത്തും; മന്ത്രി വി.ശിവൻ കുട്ടി

മേപ്പാടി: ഉരുൾപൊട്ടലിൽ തകർന്ന വെള്ളാര്‍മല സ്‌കൂള്‍ സ്മാരകമായി നിലനിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്ന വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, മുണ്ടക്കൈ ഗവ.എല്‍പി എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ പുന:പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവീന സൗകര്യങ്ങളോടെ വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകള്‍ പുനര്‍നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ട സ്‌കൂള്‍ കെട്ടിടങ്ങളും കളിസ്ഥലങ്ങളും ദുരിതാശ്വാസ പാക്കേജിലുള്‍പ്പെടുത്തി വീണ്ടെടുക്കും. വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ, സാമഗ്രികള്‍, ക്യാംപുകൾ, ചെറു യാത്രകള്‍, ശില്‍പശാലകള്‍, ചര്‍ച്ചാ വേദികള്‍ തുടങ്ങി ജനാധിപത്യ വിദ്യാഭ്യാസ രീതികളിലൂടെ നഷ്ടപ്പെട്ട അധ്യയന ദിനങ്ങള്‍ വീണ്ടെടുത്ത് പഠന വിടവ് പരിഹരിക്കും. ജില്ല സമാനതകളില്ലാത്ത ദുരന്തം അഭിമുഖീകരിച്ച് മുന്നോട്ടുപോവുകയാണ്. ഏതൊരു ദുരന്തത്തെയും അഭിമുഖീകരിക്കാനുള്ള മനക്കരുത്ത് മലയാളികള്‍ക്കുണ്ടെന്ന് തെളിയിച്ചാണ് വയനാട്ടുകാര്‍ മുന്നേറുന്നത്. ദുരന്തബാധിത പ്രദേശത്തെ പുനര്‍നിര്‍മാണ പ്രയത്‌നത്തിലാണ് സര്‍ക്കാര്‍. ആദ്യഘട്ടമായാണ് മേഖലയിലെ വിദ്യാര്‍ഥികളെ വിദ്യാഭ്യാസ പാതയിലേക്ക് വീണ്ടെടുത്തത്. മന്ത്രി പറഞ്ഞു.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ 40 ദിവസത്തെയും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ച സ്‌കൂളുകളിലെ 30 ദിവസത്തെയും അധ്യയനമാണ് തടസ്സപ്പെട്ടത്. അക്കാദമിക രംഗത്ത് നഷ്ടപ്പെട്ട പഠന ദിനങ്ങള്‍ അധികസമയ പഠനത്തിലൂടെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തത്തില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി വിതരണം ചെയ്തു. നിലവിലെ നടപടി ക്രമങ്ങളും നിശ്ചിത ഫീസും ഒഴിവാക്കിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിയത്.

