ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി: പുതുതലമുറയ്ക്ക് വഴികാട്ടി; മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണഗുരുവിന്റെ ആശയങ്ങൾ വെള്ളാപ്പള്ളി പകർത്തി. വെള്ളാപ്പള്ളിയുടെ കാലത്ത് എസ്എൻഡിപി യോഗം സാമ്പത്തികമായി ഉന്നതിയിലേക്ക് ഉയർന്നുവെന്നും പുതു തലമുറയ്ക്ക് വഴികാട്ടാൻ ഒരു നേതാവിന് എത്രത്തോളം ദൃഢനിശ്ചയം ഉണ്ടാകണമെന്ന് വെള്ളാപ്പള്ളി കാണിച്ചു തന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘മഹത്തായ പ്രസ്ഥാനമാണ് എസ്എൻഡിപി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയുള്ള നേതൃത്വമാണ് വെള്ളാപ്പള്ളി നടേശൻ വഹിക്കുന്നത്. ഒരു പ്രസ്ഥാനത്തെ നിരന്തരമായി മുന്നോട്ട് നയിക്കാനും അതിന്റെ ലക്ഷ്യങ്ങൾ നേടാനും പുതിയ തലമുറയ്ക്ക് വഴികാട്ടാനും ഒരു നേതാവിന് എത്രത്തോളം ദൃഢനിശ്ചയം ഉണ്ടാകണമെന്ന് വെള്ളാപ്പള്ളി കാണിച്ചു തന്നു. ഈ സംഘടനയെ ശക്തമായ ഒരു സാമ്പത്തിക ശക്തിയാക്കി വളർത്തുന്നതിൽ അദ്ദേഹം കാണിച്ച ദീർഘവീക്ഷണം അഭിനന്ദനീയമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസവും തൊഴിലും ലഭിക്കുമ്പോൾ മാത്രമാണ് യഥാർത്ഥ സാമൂഹിക നീതി നടപ്പാക്കപ്പെടുക എന്ന ഗുരുവിന്റെ ദർശനങ്ങളെ പ്രാവർത്തികമാക്കുന്നതിലും അദ്ദേഹം ശ്രദ്ധപുലർത്തുന്നുണ്ട്. ഗുരുവിന്റെ ആശയങ്ങളെ ജീവിതത്തിൽ പകർത്തിക്കൊണ്ട് ഈ പ്രസ്ഥാനത്തെ ഇനിയും കൂടുതൽ കാലം നയിക്കാന്‍ വെള്ളാപ്പള്ളിക്ക് കഴിയട്ടെ’- മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ നിർണായ പ്രാധാന്യം എസ്എൻഡിപിക്കുണ്ട്. സമൂഹ ചരിത്രത്തിന്റെ പ്രത്യേക ഘട്ടത്തിൽ, സമൂഹം ജാതിയുടേയും അനാചാരങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും ഇരുട്ടിൽ തളക്കപ്പെട്ടിരുന്നു. ഈ വേളയിൽ എസ്എൻഡിപി യോഗം രൂപികരിച്ചു. വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാകുക എന്ന ശ്രീനാരായണഗുരുവിന്റെ ആഹ്വാനം നാടാകെ ഏറ്റെടുത്തു. ഇതിന്റെ ഫലം സമൂഹത്തിൽ കാണാൻ സാധിച്ചു. അറിവാണ് യഥാർത്ഥ ശക്തി എന്നും അത് നേടാനുള്ള ഏകമാർഗം വിദ്യാഭ്യാസമാണെന്നും ഗുരു പഠിപ്പിച്ചു. അക്ഷരം പോലും നിഷേധിക്കപ്പെട്ട ഒരു വലിയ വിഭാഗം ജനതയ്ക്ക് അറിവിന്റെ വാതിലുകൾ തുറന്നു കൊടുക്കാൻ എസ്എൻഡിപി യോഗം അക്ഷീണം പ്രയത്നിച്ചു.അറിവിന്റെ വെളിച്ചം ഓരോ വീട്ടിലും എത്തിച്ചു. അത് സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ല.
ഗുരുവിന്റെ ദർശനങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിന് എസ്എൻഡിപി യോഗം വഹിച്ച മുൻകൈ വിവരണാതീതമാണ്. പിന്നോക്കം നിൽക്കുന്ന ജനങ്ങളുടെ ആത്മാഭിമാനം തിരിച്ചു പിടിക്കാൻ വലിയ പ്രവർത്തനമാണ് എസ്എൻഡിപി നടത്തിയത്.
സമൂഹത്തിൽ വർഗീയത പടർത്തി മനുഷ്യരെ ഭിന്നിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ പലയിടത്തും നടക്കുന്നുണ്ട്. ജാതിയും മതവും പടർത്തിയ അന്ധവിശ്വാസങ്ങൾ അനാചാരങ്ങളെല്ലാം തൂത്തെറിയാൻ കഴിഞ്ഞത് നവോത്ഥാന ആശയങ്ങൾ ശക്തമായി പ്രചരിപ്പിച്ചതിന്റെ ഭാഗമായാണ്. എന്നാൽ ഇവിടെയും അത്തരത്തിൽ പിന്തിരിപ്പൻ ആശയങ്ങൾ വേരുപിടിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
വർഗീയത ഏത് രൂപത്തിലുള്ളതായാലും സമൂഹത്തിന് വിനാശകരമായ ഒന്നാണ്. അത് സമൂഹത്തെ ആകെ നശിപ്പിക്കും. അതുകൊണ്ട് തന്നെ വർഗീയതയുടെ വിഷവിത്തുക്കൾ മനുഷ്യരുടെ മനസ്സുകളിൽ നട്ടുപിടിപ്പിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയാൻ നമുക്ക് കഴിയേണ്ടതുണ്ട്.
കേരളത്തിൽ വെളിച്ചം പകർന്ന ശ്രീനാരായണഗുരുവിനെ സ്വന്തമാക്കാൻ ചില വർഗീയ ശക്തികൾ പാടുപെടുന്നത് കാണാൻ കഴിയും. വർഗീയതയുടെ വിഷം ചീറ്റാൻ ഗുരുവിന്റെ തന്നെ ദർശനങ്ങളെ ദുരുപയോഗിക്കാൻ ശ്രമിക്കുന്നതും കാണാം. എന്നാൽ ശ്രീനാരായണ ഗുരു എന്നും വർഗീയതയെ എതിർത്തിരുന്നു. മനുഷ്യരെ ഭിന്നിപ്പിക്കാനല്ല ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചത്- മുഖ്യമന്ത്രി പറഞ്ഞു.