കോൺഗ്രസ് നേതാവ് പവൻ ഖേഡയുടെ ഭാര്യക്കെതിരെ ഇരട്ടവോട്ട് ആരോപണവുമായി ബി.ജെ.പി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പവൻ ഖേഡക്കെതിരെ ഇരട്ടവോട്ട് ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഖേഡയുടെ ഭാര്യക്കെതിരെയും ആരോപണവുമായി ബിജെപി. പവൻ ഖേഡയുടെ ഭാര്യ കെ.നീലിമക്ക് ഒന്നിലധികം വോട്ടർ ഐഡികൾ ഉണ്ടെന്നാണ് ബിജെപിയുടെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇന്നലെ ബിജെപി ഇരട്ട വോട്ടർ ഐഡി ആരോപണം ഉന്നയിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് പവൻ ഖേഡക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചിരുന്നു.
ഇന്നലെ രാവിലെയാണ് ബിജെപി നേതാക്കൾ പവൻ ഖേഡക്ക് എതിരെ ആരോപണമുന്നയിച്ചത്. ജങ്പുര, ന്യൂഡൽഹി മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ പവൻ ഖേഡക്ക് വോട്ട് ഉണ്ട് എന്നായിരുന്നു ബിജെപി ആരോപണം. ഇതിന് പിന്നാലെ പവൻ ഖേഡയുടെ ഭാര്യക്ക് എതിരെയും ഇരട്ടവോട്ട് ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി.
തനിക്കെതിരെയുള്ള ആരോപണം പവൻ ഖേഡ തള്ളിയിരുന്നു. ജങ്പുരയിലെ വോട്ട് ഒഴിവാക്കാൻ 2016ൽ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര സമാപിച്ചതിന് പിന്നാലെയാണ് ബിജെപി ആരോപണവുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയുടെ യാത്രയുടെ പ്രധാനപ്പെട്ട സംഘാടകരിൽ ഒരാളായിരുന്നു പവൻ ഖേഡ.