KSDLIVENEWS

Real news for everyone

മഴയ്ക്ക് ശമനമായില്ല; ഹിമാചലില്‍ കുടുങ്ങിയ മലയാളി സംഘത്തിന്‍റെ രക്ഷാദൗത്യം നീളുന്നു

SHARE THIS ON

കൊച്ചി: ഹിമാചലില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെട്ട വിനോദസഞ്ചാര സംഘത്തിന്‍റെ രക്ഷാദൗത്യം നീളുന്നു. തിങ്കളാഴ്ചയും കനത്ത മഴ തുടര്‍ന്നതോടെയാണ് സംഘത്തെ പുറത്തെത്തിക്കാനുള്ള നീക്കം പ്രതിസന്ധിയിലായത്.

നിലവില്‍ കല്‍പ ഗ്രാമത്തിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ തുടരുന്ന സംഘത്തില്‍ 18 മലയാളികള്‍ ഉള്‍പ്പടെ 25 പേരാണുള്ളത്. അതേസമയം സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് മലപ്പുറം സ്വദേശി ഷാരൂഖ് പറഞ്ഞു. താമസ സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റര്‍ മാറി വീണ്ടും മണ്ണിടിഞ്ഞു. പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. എല്ലാവരും കുടുംബങ്ങളുമായി സംസാരിച്ചു. ഭക്ഷണവും മറ്റും കൃത്യമായി ലഭിക്കുന്നുണ്ടെന്നും സംഘാഗങ്ങള്‍ പറഞ്ഞു.

കനത്ത മഴ തുടരുന്നതിനാല്‍ ഹെലികോപ്ടര്‍ മുഖേനെ സഞ്ചാരികളെ മാറ്റാനുള്ള നീക്കവും പ്രതിസന്ധിയിലായിരിക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷതമായി തിരികെ എത്തിക്കുന്നതിനുള്ള ദൗത്യങ്ങളും ബന്ധപ്പെട്ടവരുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

നിലവിലെ സാഹചര്യത്തില്‍ ഗസ്റ്റ് ഹൗസില്‍ തന്നെ തുടരാനാണ് സഞ്ചാരികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. മലയാളികളെയടക്കം രക്ഷപ്പെടുത്തി തിരികെ എത്തിക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹിമാചല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 25ന് ആണ് സംഘം ഡല്‍ഹിയില്‍ നിന്ന് സ്പിറ്റി വാലി സന്ദര്‍ശിക്കാന്‍ പോയത്. തിരിച്ച്‌ വരാനാരിക്കെ ഷിംലയിലേക്കുള്ള റോഡ് മണ്ണിടിച്ചിലില്‍ തകര്‍ന്നു. ഇതോടെ മടക്കയാത്ര പ്രതിസന്ധിയിലാവുകയായിരുന്നു. ഷിംലയിലേക്കുള്ള റോഡ് മാര്‍ഗം പൂര്‍വസ്ഥിതിയാലാകാന്‍ ദിവസങ്ങള്‍ എടുക്കുമെന്നാണ് പ്രാദേശിക ഭരണകൂടം അറിയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!