KSDLIVENEWS

Real news for everyone

വീടുകളിലെത്തിയും കോവിഡ് വാക്സിൻ നൽകണമെന്ന് പ്രധാനമന്ത്രി, മതനേതാക്കളേയും കൂടെ കൂട്ടാം

SHARE THIS ON

ന്യൂഡൽഹി: വീടുകളിൽ എത്തി കോവിഡ് വാക്സിൻ നൽകാൻ നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനേഷൻ 50 ശതമാനത്തിൽ താഴെ മാത്രം പൂർത്തിയാക്കിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ജില്ലാ കലക്ടർമാരുമായി നടത്തിയ ചർച്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിനേഷൻ നൽകുന്നതിനായി മതനേതാക്കളുടെയും മറ്റു യുവ സംഘടനകളുടേയും സഹായം തേടാമെന്നും മോദി യോഗത്തിൽ വ്യക്തമാക്കി. ഇതിനോടൊപ്പം തന്നെ രണ്ടാം ഡോസ് നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി.

ഇതുവരെ വാക്സിനേഷൻ കേന്ദ്രങ്ങൾ ഏർപ്പെടുത്തിയാണ് വാക്സിൻ നൽകിയിരുന്നത്. എന്നാൽ അതിൽ നിന്ന് മാറി വീടുകൾ കേന്ദ്രീകരിച്ച് വാക്സിൻ നൽകണമെന്നാണ് മോദി വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിൽ വെച്ച് വ്യക്തമാക്കിയത്.

സൗജന്യ വാക്സിൻ ക്യാമ്പയിന്റെ ഭാഗമായി നിലവിൽ 2.5 കോടി ഡോസ് വാക്സിനുകളാണ് ദിവസവും നൽകുന്നത്. ഇത് രാജ്യത്തിന്റെ പ്രാപ്തിയേയാണ് കാണിക്കുന്നത്. ഇപ്പോഴത്തെ മുദ്രാവാക്യം എന്നത് എല്ലാ വീടുകളിലും വാക്സിൻ എത്തിക്കുക എന്നതാണ്. നമുക്ക് എല്ലാവരുടേയും വീടുകളിൽ എത്തിച്ചേരേണ്ടതുണ്ട്. എല്ലാ ഗ്രാമങ്ങളും എല്ലാ നഗരങ്ങളും കേന്ദ്രീകരിച്ചായിരിക്കും വാക്സിനേഷൻ നടപ്പാക്കുക. ഇതിന് വേണ്ടി ഏത് വഴിയും സ്വീകരിക്കാം. ആവശ്യമെങ്കിൽ 25 പേരടങ്ങുന്ന ടീമുകളാക്കി തിരിക്കാം. എൻസിസിയുടേയും എൻഎസ്എസ് വൊളണ്ടിയർമാരുടേയും സേവനങ്ങളും സ്വീകരിക്കാം. കൂടുതൽ പേരെ നമുക്ക് ബോധവാന്മാരാക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജാർഖണ്ഡ്, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര, മേഖാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ 40ലധികം ജില്ലകളിൽ വാക്സിനേഷന്റെ കാര്യത്തിൽ വളരെ ഏറെ പിന്നിലാണെന്നും ഇതിനെക്കുറിച്ച് ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ വിശദീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വെർച്വൽ വഴിയായിരുന്നു യോഗം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!