KSDLIVENEWS

Real news for everyone

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായി സി.മുഹമ്മദ് ഫൈസി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു

SHARE THIS ON

തിരുവനന്തപുരം | കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി സി. മുഹമ്മദ് ഫൈസി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.  തിരുവനന്തപുരത്ത് ചേര്‍ന്ന പുതിയ ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് ചെയര്‍മാനെ തിരഞ്ഞെടുത്തത്. സി മുഹമ്മദ് ഫൈസി ചെയര്‍മാനായ 2018 – 21 വര്‍ഷ കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിച്ച് കഴിഞ്ഞ മാസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റും മര്‍കസ് ജനറല്‍ മാനേജറും സിറാജ് ദിനപത്രം പബ്ലിഷറും ശ്രദ്ധേയനായ എഴുത്തുകാരനും വാഗ്മിയുമാണ് സി മുഹമ്മദ് ഫൈസി. മുസ്ലിം പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര കൂടിയാലോചനാ സമിതി അംഗമാണ്. ഇന്ത്യയിലാകെ ആയിരക്കണക്കിന് മദ്‌റസകള്‍ നടത്തുന്ന ഡല്‍ഹി ആസ്ഥാനമായുള്ള ഇസ്ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ കൂട്ടായ്മയായ ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജ്യുക്കേഷന്‍ എന്നിവകളില്‍ എക്സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിക്കുന്നു. കേരള വഖ്ഫ് ബോര്‍ഡ് അംഗമായി നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത് പന്നൂര്‍ സ്വദേശിയാണ്. പ്രമുഖ പണ്ഡിതനായിരുന്ന നെടിയനാട് സി അബ്ദുര്‍റഹ്‌മാന്‍ മുസ്ലിയാരുടെ മകനായി 1955 ല്‍ ജനിച്ചു. പിതാവില്‍ നിന്ന് പ്രാഥമിക പഠനം. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടി. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ലീഡര്‍ഷിപ്പ് ട്രെയ്‌നിംഗ് പഠനം പൂര്‍ത്തിയാക്കി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ബിരുദവും മൗലാനാ ആസാദ് നാഷണല്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ഉറുദു സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ നേരത്തെ വഹിച്ചിട്ടുണ്ട്. മര്‍കസ് ശരീഅ കോളജില്‍ ദീര്‍ഘകാലമായി സീനിയര്‍ പ്രൊഫസറാണ്. ബഹുഭാഷാ പണ്ഡിതനാണ്. ജോര്‍ദാന്‍, ഈജിപ്ത്, മലേഷ്യ, യു എ ഇ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന നിരവധി രാജ്യാന്തര സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അറബ് ലോകത്തുമായി നിരവധി പ്രഭാഷണങ്ങള്‍ നടത്തി. ഖുര്‍ആന്‍ പഠനവും പാരായണവും, ഇന്ത്യന്‍ ഭരണഘടനയും ശരീഅത്തും, പ്രബോധകന്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ, പി വി അബ്ദുല്‍ വഹാബ് എം പി, പി ടി എ റഹീം എം എല്‍ എ, മുഹമ്മദ് മുഹ്സിന്‍ എം എല്‍ എ, സഫര്‍ കായല്‍, പി ടി അക്ബര്‍, പി പി മുഹമ്മദ് റാഫി, ഉമര്‍ ഫൈസി മുക്കം, അഡ്വ. മൊയ്തീന്‍ കുട്ടി, കെ പി സുലൈമാന്‍ ഹാജി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കെ എം മുഹമ്മദ് കാസിം കോയ, ഐ പി അബ്ദുല്‍ സലാം, ഡോ. പി എ സയ്യദ് മുഹമ്മദ് എന്നിവരാണ് നിലവിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍. മലപ്പുറം ജില്ലാ കലക്ടര്‍ എക്സ് ഒഫീഷ്യോ അംഗമാണ്.

യോഗത്തില്‍ ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറായ മലപ്പുറം കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ സ്വാഗതം പറഞ്ഞു. പ്രിസൈഡിങ് ഓഫീസര്‍, ഗവണ്മെന്റ് അഡിഷണല്‍ സെക്രട്ടറി ഷൈന്‍ എ ഹഖ് തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. കമ്മിറ്റി അംഗവും പറവൂര്‍ മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാനുമായ സഫര്‍ കായലാണ് സി മുഹമ്മദ് ഫൈസിയുടെ പേര് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. താനൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ പി ടി അക്ബര്‍ പിന്താങ്ങി. തുടര്‍ന്ന് എല്ലാ അംഗങ്ങളും പിന്തുണച്ച് ഐകകണ്‌ഠ്യേന ചെയര്‍മാനെ തിരഞ്ഞെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!