KSDLIVENEWS

Real news for everyone

ചരിത്രമെഴുതി ഇന്ത്യന്‍ പെണ്‍പുലികള്‍; ആദ്യ ലോകകിരീടം

SHARE THIS ON

മുംബൈ: വോൾവാർത്തിന്റെ സെഞ്ചുറിയും മതിയാകുമായിരുന്നില്ല… നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിന് ഒരു സ്വപ്നക്കൂടാരത്തിന്റെ രൂപം. ഇതാ ചരിത്രം പിറവിയെടുത്തിരിക്കുന്നു. വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ കന്നിമുത്തം. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 246 റൺസിന് പുറത്തായി. കലാശപ്പോരിൽ രണ്ട് തവണ കാലിടറിയ ഇന്ത്യ ഇക്കുറി പതറാതെ പോരാടി. കന്നിക്കിരീടം ലക്ഷ്യമിട്ടെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് നിരാശയോടെ മടക്കം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ക്യാപ്റ്റന്‍ ലോറ വോള്‍വര്‍ത്തും ടാസ്മിന്‍ ബ്രിറ്റ്‌സും ഒന്‍പത് ഓവറില്‍ ടീമിനെ അമ്പത് കടത്തി. പിന്നാലെ ബ്രിറ്റ്‌സ് റണ്ണൗട്ടായി മടങ്ങി. 23 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. വണ്‍ഡൗണായി ഇറങ്ങിയ അന്നെകെ ബോഷ് ഡക്കായി മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. ടീം 62-2 എന്ന നിലയിലായി. ക്യാപ്റ്റന്‍ ലോറ വോള്‍വര്‍ത്ത് ക്രീസില്‍ നിലയുറപ്പിച്ചതോടെ സ്‌കോര്‍ 100 കടന്നു. 25 റൺസെടുത്ത സ്യൂണ്‍ ല്യൂസിനെ ഷഫാലി വർമ മടക്കിതോടെ ടീം 114-3 എന്ന നിലയിലായി. മരിസാന്നെ ക്യാപ്പിനെയും ഷഫാലി പുറത്താക്കിയതോടെ ഇന്ത്യക്ക് പ്രതീക്ഷ കൈവന്നു.16 റണ്‍സെടുത്ത സിനാലോ ജാഫ്തയെ ദീപ്തി ശര്‍മയും കൂടാരം കയറ്റി.

അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെന്ന നിലയിൽ പതറിയ ദക്ഷിണാഫ്രിക്കയെ പിന്നീട് ക്യാപ്റ്റൻ വോൾവാർത്താണ് കരകയറ്റുന്നത്. വിക്കറ്റുകൾ വീഴുമ്പോഴും ക്യാപ്റ്റൻ പതറാതെ ടീമിന് കരുത്തായി. അനെറി ഡെർക്സണിനെ കൂട്ടുപിടിച്ച് വോൾവാർത്ത് ടീമിനെ 200 കടത്തി. 35 റൺസെടുത്ത ഡെർക്സണെ ദീപ്തി പുറത്താക്കിയെങ്കിലും സെഞ്ചുറി തികച്ച വോൾവാർത്ത് പിടികൊടുക്കാതെ ബാറ്റേന്തി. എന്നാൽ ദീപ്തി ശർമ കളിയുടെ ഗതി മാറ്റി. വോൾവാർത്തിന്റേതടക്കം രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തിയ ദീപ്തി ഇന്ത്യയെ ജയത്തിനടുത്തെത്തിച്ചു. 98 പന്തിൽ 101 റൺസെടുത്താണ് വോൾവാർത്ത് പുറത്തായത്. രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി ഇന്ത്യ പ്രോട്ടീസിനെ 246 റൺസിന് പുറത്താക്കി. ലോക കിരീടത്തിൽ ഇന്ത്യൻ മുത്തം.

നേരത്തേ നിശ്ചിത അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 298 റൺസാണെടുത്തത്. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ശ്രദ്ധയോടെയാണ് കളിച്ചത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരേ ആക്രമണോത്സുക ബാറ്റിങ്ങിന് ഇരുവരും തയ്യാറായില്ല. മറിച്ച് പതിയെ സ്‌കോറുയര്‍ത്തി. ആദ്യ ആറോവറില്‍ 45 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. പത്തോവറെത്തുമ്പോഴേക്കും സ്‌കോര്‍ 64 ലെത്തി. പിന്നീട് ഷഫാലി സ്‌കോറിങ്ങിന് വേഗം കൂട്ടി. 17 ഓവര്‍ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 97 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ.

എന്നാല്‍ 18-ാം ഓവറില്‍ സ്‌കോര്‍ നൂറുകടന്നതിന് പിന്നാലെ സ്മൃതി മന്ദാന പുറത്തായി. 58 പന്തില്‍ നിന്ന് 45 റണ്‍സെടുത്താണ് മന്ദാന കൂടാരം കയറിയത്. ആ ഓവറില്‍ തന്നെ അര്‍ധസെഞ്ചുറി തികച്ച ഷഫാലി വര്‍മ ടീമിനെ മുന്നോട്ടുനയിച്ചു. പിന്നാലെ ഇറങ്ങിയ ജെമീമയുമായി ചേർന്ന് ഷഫാലി ടീമിനെ 150 കടത്തി. സ്കോർ 166 ൽ നിൽക്കേ ഷഫാലി പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. 78 പന്തിൽ നിന്ന് 87 റൺസെടുത്താണ് താരം മടങ്ങിയത്. ഏഴുഫോറും രണ്ട് സിക്സുമടങ്ങുന്നതാണ് ഇന്നിങ്സ്. പിന്നാലെ 24 റൺസെടുത്ത ജെമീമയും പുറത്തായി. അതോടെ ഇന്ത്യ 171-3 എന്ന നിലയിലായി.

നാലാം വിക്കറ്റിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ദീപ്തി ശർമയും ചേർന്ന് ടീമിനെ ഇരുന്നൂറ് കടത്തി. ഈ കൂട്ടുകെട്ട് ടീമിന് പ്രതീക്ഷ നൽകിയെങ്കിലും ഹർമൻപ്രീതിനെ ക്രീസിൽ തുടരാൻ ദക്ഷിണാഫ്രിക്കൻ ബൗളർമാർ അനുവദിച്ചില്ല. 20 റൺസെടുത്ത ഇന്ത്യൻ ക്യാപ്റ്റനെ മ്ലാബ മടക്കി. പിന്നീടിറങ്ങിയ അമൻജോത് കൗറും(12) വീണതോടെ ഇന്ത്യ പ്രതിസന്ധിയിലായി. വിക്കറ്റുകൾ വീഴുമ്പോഴും ഒരു വശത്ത് നിലയുറപ്പിച്ച് ബാറ്റേന്തിയ ദീപ്തി ശർമ ഇന്ത്യക്ക് പ്രതീക്ഷ നൽകി. ഒപ്പം റിച്ചാ ഘോഷും അടിച്ചുകളിച്ചതോടെ സ്കോർ കുതിച്ചു. ദീപ്തി ശർമ അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. റിച്ചാ ഘോഷ് 34 റൺസെടുത്ത് പുറത്തായി. ദീപ്തി 58 റൺസെടുത്ത് റണ്ണൗട്ടായി. ഒടുക്കം നിശ്ചിത അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 298 റൺസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!