KSDLIVENEWS

Real news for everyone

കേരള എക്സ്പ്രസ് ഓടിയത് ഒരു പൊലീസുകാരൻ പോലും ഇല്ലാതെ: പ്രതിയുടേത് കൊലപ്പെടുത്താനുള്ള ശ്രമം; വധശ്രമത്തിന് കേസ്

SHARE THIS ON

തിരുവനന്തപുരം: കേരള എക്‌സ്പ്രസില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടിത്തള്ളിയിട്ട സംഭവത്തില്‍ പ്രതിയായ തിരുവനന്തപുരം പനച്ചമൂട് സ്വദേശി സുരേഷ്‌കുമാറിന് (50) എതിരെ വധശ്രമത്തിനുള്ള വകുപ്പ് ചുമത്തി പൊലീസ്. തിരുവനന്തപുരം റെയില്‍വേ പൊലീസാണ് സുരേഷ്‌കുമാറിനെതിരേ കേസെടുത്തത്. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ. 

ആക്രമണത്തിന് ഇരയായ പേയാട് സ്വദേശിനി സോനു (ശ്രീക്കുട്ടി–19) ട്രെയിനിലെ വാതിലിനു സമീപത്തുനിന്ന് മാറിക്കൊടുത്തില്ല എന്നതിന്റെ വിരോധത്തിലാണ് സുരേഷ്‌കുമാര്‍ പെണ്‍കുട്ടിയെ നടുവിനു ചവിട്ടി പുറത്തേക്കു തള്ളിയിട്ടതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഞായറാഴ്ച രാത്രി 8.30ഓടെ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്‌സ്പ്രസിന്റെ എസ്എല്‍ആര്‍ കോച്ചില്‍ വര്‍ക്കല സ്‌റ്റേഷന്‍ കഴിഞ്ഞപ്പോഴായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ട് സുരേഷ്‌കുമാര്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ഇതുകണ്ട് നിലവിളിച്ച സോനുവിന്റെ സുഹൃത്ത് അര്‍ച്ചനയെ കൈകൊണ്ടും കാലുകൊണ്ടും പിടിച്ച് തള്ളിയിട്ടെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. 

അതേസമയം, കേരള എക്സ്പ്രസിൽ സുരക്ഷയ്ക്കായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പോലും ഉണ്ടായിരുന്നില്ലെന്നാണു വിവരം. എന്നാൽ, ക്രൈം പാറ്റേൺ അനുസരിച്ചാണ് പൊലീസിനെ വിന്യസിക്കുന്നതെന്നാണ് ആർപിഎഫിന്റെ വിശദീകരണം. സാധാരണ കുറ്റകൃത്യങ്ങൾ നടക്കാത്ത ട്രെയിനിൽ പൊലീസുകാരെ വിന്യസിക്കാറില്ലെന്നും ആർപിഎഫ് പറയുന്നു. എല്ലാ ട്രെയിനിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനുള്ള അംഗബലം നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ ക്രൈം ഡാറ്റ നോക്കിയാണ് ട്രെയിനുകളിൽ പൊലീസുകാരെ സുരക്ഷക്ക് നിയോഗിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!