KSDLIVENEWS

Real news for everyone

ആലപ്പുഴ അപകടം; കാർ അമിതവേഗതയിലെന്ന് KSRTC, ഡ്രൈവർ ഇടതുവശം ചേർത്ത് നിർത്തിയെങ്കിലും ബസിന്റെ മുൻവശത്ത് ഇടിച്ചുകയറി

SHARE THIS ON

അമ്പലപ്പുഴ: എതിർദിശയിലെത്തിയ കാർ അമിതവേഗത്തിലെത്തി ബസ്സിലിടിക്കുകയായിരുന്നെന്ന് കെ.എസ്.ആർ.ടി.സി. അധികൃതരുടെ പ്രാഥമിക പരിശോധനാ റിപ്പോർട്ട്. അമിതവേഗതയിലെത്തിയ കാർ ബ്രേക്ക് ചെയ്തപ്പോൾ തെന്നി ബസിനുനേരേ വന്നു. ഇതുകണ്ട് ഡ്രൈവർ ഇടതുവശം ചേർത്ത് നിർത്തിയെങ്കിലും ബസിന്റെ മുൻവശത്ത് കാർ ഇടിച്ചുകയറുകയായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. കാറോടിച്ചയാളുടെ ശ്രദ്ധക്കുറവുമൂലമാണ് അപകടമുണ്ടായതെന്നും റിപ്പോർട്ട് പറയുന്നു.

ദേശീയപാതയിൽ കളർകോട് ചങ്ങനാശ്ശേരിമുക്കിനു സമീപം കെ.എസ്.ആർ.ടി.സി. ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് എം.ബി.ബി.എസ്. വിദ്യാർഥികളാണ് മരിച്ചത്. ആറുപേർക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥികളാണിവർ.

കോട്ടയം പൂഞ്ഞാർ ചേന്നാട് കരിങ്ങോഴക്കൽ ഷാജിയുടെ മകൻ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറിൽ കെ.ടി. ശ്രീവത്സന്റെ മകൻ ശ്രീദീപ് വത്സൻ (19), മലപ്പുറം കോട്ടയ്ക്കൽ ചീനംപുത്തൂർ ശ്രീവൈഷ്ണവത്തിൽ എ.എൻ. ബിനുരാജിന്റെ മകൻ ബി. ദേവാനന്ദൻ (19), കണ്ണൂർ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടിൽ മുഹമ്മദ്‌ അബ്ദുൾ ജബ്ബാർ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടിൽ പി. മുഹമ്മദ് നസീറിന്റെ മകൻ മുഹമ്മദ്‌ ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്.

തിങ്കളാഴ്ച രാത്രി ഒൻപതിന് കനത്ത മഴയുള്ളപ്പോഴാണ് അപകടം. മെഡിക്കൽ കോളേജിലെ 11 വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. ആലപ്പുഴയിൽ സിനിമ കാണാൻ പോകുകയായിരുന്നു ഇവർ. വൈറ്റിലയിൽനിന്നു കായംകുളത്തേക്കു പോയ ബസ്സിലേക്ക് കാർ നിയന്ത്രണംതെറ്റി ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളെ പുറത്തെടുത്തത്. ഇവരിൽ മൂന്നുപേർ മരിച്ചനിലയിലായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് രണ്ടുപേർ മരിച്ചത്. ബസ്സിന്റെ മുൻസീറ്റിലിരുന്ന യാത്രക്കാരിക്കു പരിക്കേറ്റിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ആശുപത്രിയിലെത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകാൻ നിർദേശം നൽകി.

പരിക്കേറ്റവർ: പുതുക്കുറിച്ചി മരിയനാട് ഷൈൻ ലാൻഡിൽ ഡെന്റ്സൺ പോസ്റ്റിന്റെ മകൻ ഷൈൻ ഡെന്റ്സൺ (19), എടത്വാ സ്വദേശി കൊച്ചുമോൻ ജോർജിന്റെ മകൻ ആൽവിൻ ജോർജ് (19), ചേർത്തല മണപ്പുറം മണപ്പുറത്ത് വീട്ടിൽ എം.കെ. ഉത്തമന്റെ മകൻ കൃഷ്ണദേവ് (19), എറണാകുളം കണ്ണൻകുളങ്ങര പാണ്ടിപ്പറമ്പ് ലക്ഷ്മിഭവനത്തിൽ ആർ. ഹരിദാസിന്റെ മകൻ ഗൗരീശങ്കർ (19), കൊല്ലം ചവറ പന്മന വെളുത്തേടത്ത് മക്കത്തിൽ മുഹമ്മദ് കുഞ്ഞിൻറെ മകൻ മുഹസ്സിൻ മുഹമ്മദ് (19), കൊല്ലം പോരുവഴി മുത്തുപിളക്കാട് കാർത്തിക വീട്ടിൽ കെ.എസ്. മനുവിന്റെ മകൻ ആനന്ദ് മനു (19). ഇതിൽ ഗൗരീശങ്കറിന്റെ നില ഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!