KSDLIVENEWS

Real news for everyone

മോദിക്കെതിരെ മുദ്രാവാക്യ വിലക്ക് ഏര്‍പ്പെടുത്തിയ ജാമിഅ മില്ലിയ നടപടി വിവാദത്തില്‍; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍, ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷ എംപിമാര്‍

SHARE THIS ON

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യ വിലക്ക് ഏർപ്പെടുത്തി ജാമിഅ മില്ലിയ സർവകലാശാല നടപടി വിവാദത്തില്‍.

സർക്കുലറിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകള്‍ രംഗത്തെത്തി. നിർദേശം പിൻവലിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും വിദ്യാർഥി സംഘടനകള്‍ വ്യക്തമാക്കി.

സംഭല്‍ വെടിവെപ്പിനെതിരെ ജാമിഅ മില്ലിയ സർവകലാശാലയില്‍ വിവിധ വിദ്യാർഥി സംഘടനകള്‍ പ്രതിഷേധിച്ചതിന് പിന്നാലെയായിരുന്നു മോദിക്കെതിരെ മിണ്ടരുതെന്ന് സര്‍വകലാശാലയുടെ നിർദേശം പുറത്തുവന്നത്. നിയമനിർവഹണ ഏജൻസികള്‍ക്കെതിരെയും ഭരണഘടനാപരമായ ഉത്തരവാദിത്തം വഹിക്കുന്നവർക്കെതിരെയും പ്രതിഷേധങ്ങളും ധർണകളും സർവകലാശാലയില്‍ അനുവദനീയമല്ലെന്നും ഇതിനെതിരെ കർശനമായ അച്ചടക്ക നടപടിയുണ്ടാവുമെന്നും അധികൃതർ മെമ്മോറാണ്ടത്തിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് വിദ്യാർഥികള്‍ രംഗത്ത് എത്തിയത്.

ഇടത് വിദ്യാർഥി സംഘടനകളും രംഗത്ത് എത്തി. പ്രതിഷേധങ്ങള്‍ക്കും ധർണകള്‍ക്കും മുൻകൂർ അനുമതി വാങ്ങണമെന്നും സർവകലാശാല ആവശ്യപ്പെട്ടു. നിർദേശം ലംഘിക്കുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നും ഉത്തരവിലുണ്ട്‌.

മോദിക്കെതിരെ മുദ്രാവാക്യ വിലക്ക് ഏർപ്പെടുത്തിയ ജാമിഅ മില്ലിയ സർവകലാശാല നടപടി ഭരണഘടന വിരുദ്ധമെന്ന് എ.എ റഹീം എംപി പറഞ്ഞു. പൊലീസ് സ്റ്റേറ്റാക്കി മാറ്റാനുള്ള ശ്രമാണ് നടക്കുന്നത് . നാളെ എല്ലാവരിലേക്കും ഈ നിർദേശം എത്തുമെന്നും എംപി മീഡിയവണിനോട് വ്യക്തമാക്കി. നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യ വിലക്ക് ഏർപ്പെടുത്തിയത് ഇന്ത്യ എങ്ങോട്ടാണ് പോകുന്നത് എന്നതിനുള്ള അവസാനത്തെ ഉദാഹരണമാണെന്ന് ഡീൻ കുര്യാക്കോസ് എംപിയും ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരം ഒരു ഉത്തരവ് പുറത്തിറങ്ങുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!