ചേതനയറ്റ് അവസാനമായി അവരെത്തി, വിങ്ങിപ്പൊട്ടി സഹപാഠികള്‍; ഉള്ളുലഞ്ഞ് മെഡി. കോളേജ് കാമ്പസ്
ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും സഹപാഠികളുടെയും അധ്യാപകരുടെയും യാത്രാമൊഴി. ചേതനയറ്റനിലയില്‍ അവര്‍ അഞ്ചുപേരും വീണ്ടും ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളേജ് കാമ്പസിലെത്തിയപ്പോള്‍ അവരെ അവസാനമായി കാണാന്‍ കാത്തിരുന്ന സഹപാഠികളും വിങ്ങിപ്പൊട്ടി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി അഞ്ച് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് കാമ്പസിലേക്ക് കൊണ്ടുവന്നത്. മെഡിക്കല്‍ കോളേജിലെ സെന്‍ട്രല്‍ ലൈബ്രറി ഹാളിലാണ് പൊതുദര്‍ശനം.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മൃതദേഹങ്ങള്‍ അവസാനമായി കാണാനാണ് ഇവിടെ സൗകര്യമൊരുക്കിയിരിക്കുന്നത്. കോളേജിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയശേഷം അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. ലക്ഷദ്വീപ് സ്വദേശിയായ വിദ്യാര്‍ഥിയുടെ കബറടക്കം എറണാകുളത്തായിരിക്കും.
മന്ത്രിമാരായ വീണാ ജോര്‍ജ്, സജി ചെറിയാന്‍, പി. പ്രസാദ് തുടങ്ങിയവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. മൃതദേഹങ്ങള്‍ അവരവരുടെ നാട്ടിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സുകള്‍ സജ്ജമാണെന്നും പോലീസ് അകമ്പടിയോടെയായിരിക്കും ആംബുലന്‍സുകള്‍ പോവുകയെന്നും അതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പി.പ്രസാദ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികളായ അഞ്ചുപേരാണ് കഴിഞ്ഞദിവസം ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരി മുക്കിനു സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കെ.എസ്.ആര്‍.ടി.സി. ബസ്സിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം.
കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആറുവിദ്യാര്‍ഥികള്‍ ചികിത്സയിലാണ്.