KSDLIVENEWS

Real news for everyone

ജന്മനാട്ടിലേക്ക് മടങ്ങാനായില്ല; സ്വപ്നങ്ങളുമായെത്തിയ മണ്ണിൽ ഇബ്രാഹിമിന് അന്ത്യവിശ്രമം

SHARE THIS ON

കൊച്ചി: ജന്മനാട്ടിലേക്ക് തിരികെ പോകാനായില്ലെങ്കിലും ഏറെ സ്വപ്നങ്ങളുമായെത്തിയ മണ്ണിൽത്തന്നെ പി.പി.മുഹമ്മദ് ഇബ്രാഹിമിന് അന്ത്യവിശ്രമം. എറണാകുളത്തെ സെൻട്രൽ ജുമാ മസ്ജിദില്‍ ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് മുഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം കബറടക്കിയത്. ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച 5 പേരിൽ ആദ്യം സംസ്കരിച്ചതും മുഹമ്മദ് ഇബ്രാഹിമിനെയാണ്. ലക്ഷദ്വീപിൽ നിന്ന് പിതാവ് പി.മുഹമ്മദ് സനീറും മാതാവ് മുംതാസും ബന്ധുക്കളും സംസ്കാര ചടങ്ങിനായി എറണാകുളത്തെത്തി. മുഹമ്മദ് ഇബ്രാഹിം പഠിച്ച മലപ്പുറത്തെ സ്കൂളിലെ സഹപാഠികൾ ഉൾപ്പെടെയുള്ളവരുടെ തേങ്ങലുകൾക്കിടെയായിരുന്നു കബറടക്കം.

ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപിലെ പാക്രിച്ചിയപുര വീട്ടിൽ പി. മുഹമ്മദ് സനീറിന്റെയും മുംതാസിന്റെയും മകന്റെ മരണവാർത്ത ഞെട്ടലോടെയാണ് ലക്ഷദ്വീപുകാർ കേട്ടത്. കുടുംബത്തിന്റെയും നാടിന്റെയും പ്രതീക്ഷയായിരുന്നു മുഹമ്മദ് ഇബ്രാഹിം. സഹോദരൻ മുഹമ്മദ് അഷ്ഫാക് മൂന്നാം ക്ലാസിലാണ്. പഠിക്കാൻ ഏറെ മിടുക്കനുമായിരുന്ന മുഹമ്മദ് ഇബ്രാഹിം 98 ശതമാനം മാർക്കോടെയാണ് പ്ലസ്ടു പാസായത്. ആദ്യശ്രമത്തിൽ തന്നെ നീറ്റിൽ മികച്ച റാങ്ക് നേടി എംബിബിഎസിന് പ്രവേശനം നേടുകയും ചെയ്തു.

ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് മൃതദേഹം സെൻട്രൽ ജുമാ മസ്ജിദിൽ എത്തിച്ചത്. തുടർന്ന് മയ്യത്തു നിസ്കാരം നടത്തിയ ശേഷം ബന്ധുമിത്രാദികൾ ആദരാഞ്ജലികളർപ്പിച്ചു. തുടർന്ന് പ്രാർഥനകളേറ്റുവാങ്ങി അന്ത്യയാത്രയ്ക്കായി കബറിലേക്ക്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ലക്ഷദ്വീപ് മുന്‍ എംപി പി.പി.മുഹമ്മദ് ഫൈസൽ തുടങ്ങി ഒട്ടേറെപ്പേർ കബറടക്ക ചടങ്ങുകളിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!