പ്രായത്തെ ബൗണ്ടറി കടത്തി, 77–ലും ക്രിക്കറ്റിൽ സജീവം; ജോർജ് വർഗീസിന് യൂത്ത് വൈബ് നൽകി യുവസുഹൃത്തുക്കൾ

കോട്ടയം: പ്രായക്കണക്കിൽ 77 തികഞ്ഞെങ്കിലും മനസ്സുകൊണ്ട് ജോർജ് വർഗീസിന് ഇപ്പോഴും നിറയൗവനം. ഞായർ വൈകുന്നേരങ്ങളിൽ യുവസുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിയിൽ സജീവ സാന്നിധ്യമാണ് കോട്ടയം മുട്ടമ്പലം നെടുമണ്ണിൽ ജോർജ് എൻ. വർഗീസ്. പണ്ടേ ക്രിക്കറ്റ് ആവേശം സിരകളിലുള്ള അദ്ദേഹം ഈ യുവാക്കൾക്കൊപ്പം ചേരുന്നതോടെ അവരിലൊരാളാകും. മാങ്ങാനം എബനേസർ ഓർത്തഡോക്സ് ഇടവകയിലെ യൂത്ത് മൂവ്മെന്റ് അംഗങ്ങൾക്കൊപ്പം രണ്ടു വർഷം മുൻപാണ് ജോർജ് ക്രിക്കറ്റിൽ വീണ്ടും സജീവമായത്. വാഹനവുമായി എത്തി അദ്ദേഹത്തെ ടർഫിൽ എത്തിക്കാനും കൂട്ടുകാർ സദാ സന്നദ്ധരാണ്. ഇടംകയ്യൻ ബോളറായ ജോർജ് ബാറ്റിങ്ങിലും ഫീൽഡിങ്ങിലും മികവ് പുലർത്തുന്നു. ലഭ്യതയുടെ അടിസ്ഥാനത്തിൽ ഇറഞ്ഞാൽ, കളത്തിൽപടി, മണർകാട് ടർഫുകളിലാണ് ജോർജും കൂട്ടുകാരും ക്രിക്കറ്റ് കളിയിൽ മുഴുകുന്നത്.
ജോർജ് വർഗീസ് (Photo arranged)
‘‘പ്രായക്കൂടുതലിന്റെ പേരിൽ മാറ്റിനിർത്താതെ, എന്നെയും ഒപ്പം കൂട്ടാൻ ഇവർ ഇഷ്ടപ്പെടുന്നു എന്നതാണ് പ്രധാനം. ഇവർക്കൊപ്പം കളിക്കുമ്പോൾ ഞാനും ചെറുപ്പമാകും. എനിക്ക് ബാറ്റിങ്ങിലും ബോളിങ്ങിലും അവസരം തരാൻ കാണിക്കുന്ന താൽപര്യം കാണുമ്പോൾ എനിക്കും ഇവരുടെ പ്രായമാകും. പ്രായമുള്ളവരെ പരിഗണിക്കാൻ ഈ യുവാക്കൾ കാണിക്കുന്ന താല്പര്യം ഞങ്ങളെ പോലുള്ളവർക്ക് വലിയ പ്രചോദനമാണ്. കുടുംബാംഗങ്ങളും നല്ല പിന്തുണയാണ് നൽകുന്നത്. ഞായർ വൈകുന്നേരങ്ങളിൽ രണ്ടു മണിക്കൂർ ടർഫിലെ ക്രിക്കറ്റ് പരിശീലനം ജീവിതത്തിന്റെ ഭാഗമാണിപ്പോൾ.’’ – ജോർജ് വർഗീസ് പറയുന്നു.
“1963 മുതൽ തിരുവനന്തപുരത്ത് താമസമാക്കിയ ജോർജ് 1968 മുതൽ 15 വർഷം തിരുവനന്തപുരം ജില്ലാ എ ഡിവിഷൻ, ബി ഡിവിഷൻ ക്രിക്കറ്റ് ലീഗുകളിലും ടൂർണമെന്റുകളിലും സജീവസാന്നിധ്യമായിരുന്നു. ശാസ്തമംഗലം സ്റ്റാർലറ്റ് ക്ലബ്, യുസിസി തിരുവനന്തപുരം എന്നീ ടീമുകളെ പ്രതിനിധീകരിച്ചു. തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് ടീമിലും അംഗമായിരുന്നു. വിഎസ്എസ്‌സി, ഫാക്ട് എന്നിവ സംഘടിപ്പിച്ച മത്സരങ്ങളിലും അപ്പോളോ കപ്പ് ടൂർണമെന്റിലും പങ്കെടുത്തിട്ടുണ്ട്. കേരള സിവിൽ സർവീസ് ക്രിക്കറ്റ് ടീമിനെ 10 വർഷം പ്രതിനിധീകരിച്ച അദ്ദേഹം വിവിധ സംസ്ഥാനങ്ങൾ ആതിഥ്യം വഹിച്ച ഓൾ ഇന്ത്യ സിവിൽ സർവീസ് ടൂർണമെന്റുകളിലും പങ്കെടുത്തു. രണ്ടു വർഷം ടീമിനെ നായിക്കാനും അവസരം ലഭിച്ചു. 1969 മുതൽ സർക്കാർ സർവീസിലുള്ള ജോർജ് 2003 ൽ കമേർഷ്യൽ ടാക്സ് ഡിപ്പാർട്മെന്റിൽ നിന്ന് ഇൻസ്പെക്‌ടിങ് അസിസ്റ്റന്റ് കമ്മിഷണറായാണ് വിരമിച്ചത്.

