KSDLIVENEWS

Real news for everyone

കര്‍ഷക സമരം: ഏഴാംവട്ട ചര്‍ച്ചയും പരാജയം; വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച

SHARE THIS ON

ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ ഏഴാംവട്ട ചർച്ചയും പരാജയപ്പെട്ടു. കേന്ദ്രവും കർഷക സംഘടനകളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതോടെയാണിത്. വെള്ളിയാഴ്ച വീണ്ടും ചർച്ച നടക്കും. പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാട് ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാർ ആവർത്തിച്ചു. താങ്ങുവിലയുടെ കാര്യത്തിൽ വിട്ടുവീഴ്ചയാകാം എന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷക സംഘടനകൾ ഉറച്ചുനിന്നു.
മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ചർച്ചയ്ക്കിടെ വ്യക്തമാക്കിയത്. തുടർ നടപടികളുമായി സർക്കാർ മുന്നോട്ടു പോയിക്കഴിഞ്ഞു. കാർഷിക മേഖലയിലെ സമഗ്ര പരിഷ്കരണത്തിന് തുടക്കം കുറിക്കുന്നതാണ് പുതിയ നിയമങ്ങൾ എന്നും കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കി.
നാലിന അജണ്ട മുൻനിർത്തിയാണ് കർഷക സംഘടനകൾ കേന്ദ്ര സർക്കാരുമായി ചർച്ച നടത്താൻ കഴിഞ്ഞ തവണ തയ്യാറായത്. ഇതിൽ രണ്ട് വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അനുകൂല തീരുമാനം എടുത്തിരുന്നു. വയൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട ഓർഡിനൻസ്, വൈദ്യുതി ചാർജുമായി ബന്ധപ്പെട്ട നിയമം എന്നിവയിൽ വിട്ടുവീഴ്ചയ്ക്ക് കേന്ദ്രം തയ്യാറായിരുന്നു. എന്നാൽ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാട് ഇന്നത്തെ ചർച്ചയിലും കർഷക സംഘടനകൾ ആവർത്തിച്ചു. ഇതോടെയാണ് കേന്ദ്ര സർക്കാരും നിലപാട് വ്യക്തമാക്കിയത്.
മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുകയെന്നത് ആത്മഹത്യാപരമാണെന്നാണ് കേന്ദ്ര സർക്കാർ കരുതുന്നത്. ദേശീയ പൗരത്വ നിയമം, ആർട്ടിക്കിൾ 370, ലേബർ കോഡ് എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന സാഹചര്യമുണ്ടായാൽ ഈ വിഷയങ്ങളിലും പ്രക്ഷോഭവുമായി മറ്റുസംഘടനകൾ രംഗത്തെത്താനുള്ള സാധ്യതയുണ്ട്. അക്കാര്യംകൂടി മുൻനിർത്തിയാണ് കേന്ദ്രം നിലപാടിൽ ഉറച്ചുനിൽക്കുന്നതെന്നാണ് സൂചന.
പ്രതികൂല കാലാവസ്ഥയും മഴയും കൊടും തണുപ്പും അവഗണിച്ചാണ് കർഷക സംഘടനകൾ നാൽപ്പതാം ദിവസവും സമരം തുടരുന്നത്. മൂന്ന് നിയമങ്ങളും പിൻവലിക്കാത്തപക്ഷം പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക് ദിനത്തിൽ സമാന്തര പരേഡ് അടക്കമുള്ളവ നടത്താൻ കർഷകർ ആലോചിക്കുന്നുണ്ട്. ആറാം തീയതി ട്രാക്ടർ റാലി നടത്തുമെന്നും കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അടുത്ത ചർച്ച.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!