സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു; ഇനി കലാപൂരത്തിന്റെ അഞ്ച് രാപ്പകലുകള്‍

കൊല്ലം: ആശ്രാമം മൈതാനത്തെ മുഖ്യവേദിയിൽ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യന്ത്രി പിണറായി വിജയന് നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കലോത്സവം കുട്ടികളുടേതാണെന്നും രക്ഷിതാക്കള്‍ തമ്മില്‍ മത്സരിക്കരുതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
‘മത്സരങ്ങളില്‍ ഇന്ന് പിന്നിലാകുന്നവരാകും നാളെ മുന്നിലാകുന്നത്. അതുകൊണ്ട് പരാജയങ്ങളില്‍ തളരാതെ നിരന്തരമായി പ്രവര്‍ത്തിച്ചു മുന്നോട്ട് പോകണം. കല പോയിന്റ് നേടാനുള്ളൊരു ഉപാധിയല്ല. ആ രീതി ഉപേക്ഷിക്കണം. കലാവാസനയുള്ള കുട്ടികള്‍ക്ക് സാംസ്കാരിക പരിസ്ഥിതി സൃഷ്ടിക്കണം. കലപ്രവര്‍ത്തനം തുടരാന്‍ സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്നവരെ മുന്നോട്ട് വരാനായി പ്രോത്സാഹിപ്പിക്കണം. ലഹരികളില്‍ കുഞ്ഞുങ്ങള്‍ അകപ്പെടുന്നതില്‍ നിന്ന് സംരക്ഷിക്കണം. അതിനോടൊപ്പം തന്നെ അത്തരത്തില്‍ അകപ്പെട്ട് പോയ കുട്ടികളെ പുറത്തുകൊണ്ട് വരണം. മയക്കമരുന്നിനെതിരായ കലാരൂപങ്ങളുണ്ടാക്കാനും അവതരിപ്പിക്കാനും ശ്രദ്ധിക്കാം. പല കലാരൂപങ്ങളും ഇന്ന് സജീവമായി നിലനില്ക്കുന്നതില് സ്കൂള്‍ കലോത്സവങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഗോത്രകലകള്‍ അരങ്ങേറുന്നു എന്ന സവിശേഷത കൂടി ഇത്തവണത്തെ കലോത്സവത്തിനുണ്ട്. ഇതിനൊരു തുടക്കമായാണ് ഉദ്ഘാടന ചടങ്ങില്‍ തന്നെ മംഗലക്കളി അവതരിപ്പിച്ചത്. അടുത്ത വര്‍ഷം മുതല്‍ ഗോത്രകല ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും’, മുഖ്യമന്ത്രി പറഞ്ഞു.
നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ നേതൃത്വത്തിൽ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്കാരം നടന്നതിന് പിന്നാലെയാണ് കലോത്സവത്തിന് തിരിതെളിയിച്ചത്. പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ഐഎഎസ് ചടങ്ങിന് സ്വാഗതമർപ്പിച്ചു. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ.രാജൻ, കെ.ബി.ഗണേഷ്കുമാർ, ജെ.ചിഞ്ചുറാണി എന്നിവരും എൻ കെ പ്രേമചന്ദ്രൻ എംപി, മുകേഷ്, എംഎൽഎ എന്നിവരും പങ്കെടുത്തു. നടി നിഖില വിമല്‍ മുഖ്യാഥിതിയായിരുന്നു.
59 ഇനങ്ങളിലാണ് ആദ്യദിനം മത്സരങ്ങൾ നടക്കുന്നത്. മോഹിനിയാട്ടമാണ് ആദ്യത്തെ മത്സരയിനം. പതിനാലായിരത്തോളം മത്സരാർഥികൾ അഞ്ചുദിവസങ്ങളിലായി വിവിധ വേദികളിൽ എത്തും.
സംസ്ഥാന സ്കൂള്‍ കലലാത്സ ഉദ്ഘാടന സദസ്സില്‍ നിന്ന്. ഫോട്ടോ: മാതൃഭൂമി
താമസസൗകര്യം 23 സ്കൂളുകളില്‍
മത്സരാർഥികൾക്ക് കൊല്ലം നഗരത്തിലെ 23 സ്കൂളുകളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. കുട്ടികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാൻ 30 സ്കൂൾ ബസുകൾ കലോത്സവ വാഹനങ്ങളായി ഓടുന്നു. വേദികൾക്കു സമീപം ഓരോ ജില്ലയിൽനിന്നും എത്തുന്ന വാഹനങ്ങളിൽ പ്രത്യേക സ്റ്റിക്കർ പതിപ്പിച്ചാണ് പാർക്കിങ് സ്ഥലം നിശ്ചയിച്ച് നൽകുന്നത്. തീവണ്ടിമാർഗം എത്തുന്ന വിദ്യാർഥികൾക്ക് വേദികൾ, താമസസൗകര്യം എന്നിവ സംബന്ധിച്ച വിവരങ്ങൾ നൽകാൻ റെയിൽവേ സ്റ്റേഷനിൽ ഹെൽപ്പ് ഡെസ്കും പ്രവർത്തിക്കും. കൊല്ലം ക്രേവൻ സ്കൂളിലാണ് ഭക്ഷണസൗകര്യം ഒരുക്കിയിട്ടുള്ളത്. പഴയിടം മോഹനൻ നമ്പൂതിരിയാണ് ഇത്തവണയും ഭക്ഷണം ഒരുക്കുന്നത്.

