KSDLIVENEWS

Real news for everyone

റിജിത്ത് വധക്കേസ് : 9 ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി, കണ്ടെത്തൽ 20 വർഷത്തിനുശേഷം

SHARE THIS ON

കണ്ണൂര്‍: കണ്ണപുരത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍.എസ്.എസ്- ബി.ജെ.പി. പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തൽ. 20 കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിലാണ് ഇപ്പോൾ കോടതിയുടെ കണ്ടെത്തൽ. കേസിൽ ചൊവ്വാഴ്ച ശിക്ഷ വിധിക്കും.

കേസില്‍ മൊത്തം പത്ത് പ്രതികളാണുള്ളത്. ഇവര്‍ മുഴുവന്‍ പേരും കുറ്റക്കാരാണെന്നാണ് കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മൂന്നാം പ്രതി അജീഷ് വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. ബാക്കിയുള്ള ഒമ്പത് പേരും കൊലപാതകത്തിൽ കുറ്റക്കാരാണ് എന്നാണ് കോടതിയുടെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ഹാജരാക്കി.

2005 ഒക്ടോബര്‍ മൂന്നിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതിന് സുഹൃത്തുക്കൾക്കൊപ്പം നടന്നുവരികയായിരുന്ന റിജിത്തിനെ ആർ.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ ചേർന്ന് ആക്രമിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിൽ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ റിജിത്ത് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അന്ന് റിജിത്തിനൊപ്പമുണ്ടായിരുന്ന നികേഷ്, വികാസ്, വിമല്‍ എന്നിവർക്കും പരിക്കറ്റു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!