ഉരുക്കുകോട്ട പോലെ പോലീസ് ഒരുക്കിയ തടസങ്ങൾ കൂസാതെ വീണ്ടും കർഷകപ്രവാഹം.

ന്യൂഡൽഹി:ഉരുക്കുകോട്ടപോലെ പോലീസ് തടസ്സങ്ങളൊരുക്കിയെങ്കിലും സമരം നടക്കുന്ന അതിർത്തികളിലേക്ക് കർഷകപ്രവാഹം തുടരുന്നു. ഹരിയാണ ജിന്ദിൽ അരലക്ഷത്തിലേറെപ്പേർ പങ്കെടുത്ത മഹാപഞ്ചായത്ത് ഡൽഹി ചലോ മാർച്ച് പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച പോലീസ് ഒഴിപ്പിച്ച ഡൽഹി-ആഗ്ര എക്സ്പ്രസ് പാതയിലെ പൽവലിൽ കർഷകർ വീണ്ടും ധർണ തുടങ്ങി. മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ കൂടുതൽ കർഷകർ വരുംദിവസങ്ങളിൽ ഇവിടെയെത്തുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. പഞ്ചാബിലെയും രാജസ്ഥാനിലെയും കൂടുതലാളുകൾ ബുധനാഴ്ച ഷാജഹാൻപുരിലെ സമരകേന്ദ്രത്തിലെത്തി.
കിസാൻ മോർച്ച ശനിയാഴ്ച ദേശീയ റോഡ് ഉപരോധം പ്രഖ്യാപിച്ചിരിക്കെ ക്രമസമാധാനപാലനം ഉറപ്പാക്കാനുള്ള ഒരുക്കങ്ങൾ വിശദീകരിക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രക്ഷോഭം സമാധാനപരമാണെന്ന് ഉറപ്പാക്കാനുള്ള തയ്യാറെടുപ്പുകളും ആഭ്യന്തരമന്ത്രി വിശദീകരിച്ചു.
ഇതിനിടെ, ചെങ്കോട്ടയിലെ സംഘർഷത്തിലെ സൂത്രധാരനെന്നു കരുതുന്ന പഞ്ചാബിനടൻ ദീപ് സിദ്ദുവിനെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപയാണ് പ്രതിഫലം. പ്രതിചേർക്കപ്പെട്ട ഭൂട്ടാ സിങ്, സിഖ് വീർ സിങ് തുടങ്ങിയവരെക്കുറിച്ചു വിവരം നൽകുന്നവർക്ക് അരലക്ഷം രൂപയാണ് പ്രതിഫലം. അന്വേഷണവുമായി ബന്ധപ്പെട്ടു ചില കർഷകനേതാക്കൾക്ക് കഴിഞ്ഞദിവസം ഡൽഹി പോലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, യൂണിയനുകളുടെ നിയമസംഘം വിശദീകരണം നൽകുമെന്നാണ് പോലീസിനു ലഭിച്ച മറുപടി.
മധ്യപ്രദേശിലെ ദാബ്ര, ഫൂൽബാഗ്, രാജസ്ഥാനിലെ മെഹ്ൻദിപുരി എന്നിവിടങ്ങളിലും കർഷകരുടെ മഹാപഞ്ചായത്തുകൾ ചേർന്നു. കാർഷികനിയമങ്ങൾ റദ്ദാക്കുക, താങ്ങുവില നിയമപരമായി ഉറപ്പാക്കുക, സ്വാമിനാഥൻ കമ്മിഷൻ ശുപാർശ നടപ്പാക്കുക, കാർഷികകടങ്ങൾ എഴുതിത്തള്ളുക, കർഷകർക്കെതിരേയുള്ള കേസുകൾ പിൻവലിക്കുക എന്നീ അഞ്ച് ആവശ്യങ്ങളുമായി ജിന്ദിലെ മഹാപഞ്ചായത്ത് പ്രമേയം പാസാക്കി. കർഷകരുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
കാർഷികനിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യവുമായി രാജ്യത്തെ 413 അക്കാദമികവിദഗ്ധർ കേന്ദ്രത്തിനു കത്തയച്ചു. ജെ.എൻ.യു, ജാദവ്പുർ സർവകലാശാല, കാൺപുർ ഐ.ഐ.ടി., മദ്രാസ് ഐ.ഐ.ടി., ബോംബെ ഐ.ഐ.ടി., ഡൽഹി സർവകലാശാല, പഞ്ചാബ് സർവകലാശാല, കൊൽക്കത്ത ഐ.ഐ.എം. തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രമുഖർ ഒപ്പിട്ട കത്തിൽ ഇന്ത്യയിലെ കർഷകസമൂഹത്തിന് ഭീഷണിയാണ് പുതിയ നിയമങ്ങളെന്ന് ചൂണ്ടിക്കാട്ടി.

