അമ്മയും കുഞ്ഞും ആശുപത്രി ഉദ്ഘാടനം 8ന്

കാഞ്ഞങ്ങാട് ∙ അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടം 8ന് ഉദ്ഘാടനം ചെയ്യും. 9.40 കോടിയാണ് ആശുപത്രി കെട്ടിട നിർമാണത്തിന് അനുവദിച്ചത്. ഇതിൽ 6 കോടി സിവിൽ വർക്കിനും 3.40 കോടി ഇലക്ട്രിക് വർക്കിനുമാണ് അനുവദിച്ചത്. 2019 ഫെബ്രുവരി 3 നു മന്ത്രി കെ.കെ.ശൈലജയാണ് അമ്മയും കുഞ്ഞും ആശുപത്രിക്ക് തറക്കല്ലിട്ടത്. 3 നിലകളിലായി 140 കിടക്കകളുള്ള കെട്ടിടമാണ് നിർമിച്ചത്. നിർമാണ കാലാവധിയായ 18 നു മുൻപായി കെട്ടിടം പണി പൂർത്തിയാക്കി സർക്കാരിന് കൈമാറുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്ന് കരാറുകാരനായ ജോയി കരിയിൽ പറഞ്ഞു.
എന്നാൽ ആശുപത്രിയുടെ അഗ്നി സുരക്ഷ സംവിധാനം, ലിഫ്റ്റ്, എസി, ട്രാൻസ്ഫോമർ തുടങ്ങിയ പ്രവൃത്തികളുടെ കരാർ നടപടി പോലും ആരംഭിച്ചിട്ടില്ല. പൊതുമരാമത്ത് ഇലക്ട്രിക് വിഭാഗത്തിന്റെ അനാസ്ഥയാണ് ഇതിന് കാരണം. ഇതിനാൽ ആശുപത്രി ഉദ്ഘാടനം കഴിഞ്ഞാലും പ്രവർത്തനം തുടങ്ങാൻ ഏറെ വൈകുമെന്ന കാര്യം ഉറപ്പാണ്.

