അപകടഭീതിയിൽ മൂന്നാംകടവ്, ഉപരോധവുമായി നാട്ടുകാർ

പെരിയ ∙ മൂന്നാംകടവ് പ്രദേശവാസികൾക്ക് ഉറക്കമില്ലാതായിട്ട് നാളുകളേറെയായി. കുത്തനെയുള്ള ഇറക്കവും പിന്നീടുള്ള മൂന്നാംകടവ് പുഴയുടെ പാലവും അപകടക്കെണിയൊരുക്കുന്ന പ്രദേശത്ത് രാത്രി– പകൽ വ്യത്യാസമില്ലാതെ നിരന്തരമായി വാഹനാപകടങ്ങളും അപകടമരണങ്ങളും സംഭവിക്കുമ്പോൾ ഞങ്ങൾ എങ്ങനെ ഉറങ്ങും എന്നാണ് ഇവരുടെ ചോദ്യം. കഴിഞ്ഞ രാത്രിയിലും ഈ ഇറക്കത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു. ആപത്തൊന്നും സംഭവിക്കരുതേയെന്നു മനസ്സിൽ പ്രാർഥിച്ച് രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ നാട്ടുകാർ കണ്ടത് റിക്ഷയുടെ അടിയിൽപ്പെട്ട ഡ്രൈവർ രാവണീശ്വരം കളരിക്കാലിലെ ആർ.ചന്ദ്രന്റെ ചേതനയറ്റ ശരീരമാണ്.
5 വർഷത്തിനിടെ പൊലിഞ്ഞത് 4 ജീവൻ
അഞ്ചു വർഷത്തിനിടെ ഇവിടെ പൊലിഞ്ഞത് 4 ജീവനുകളാണ്. ഉണ്ടായ അപകടങ്ങൾക്കും പരുക്കേറ്റവർക്കും കണക്കില്ല. പൊലീസും അഗ്നിരക്ഷാ സേനയുമെല്ലാം അകലെയായതിനാൽ രക്ഷാപ്രവർത്തനത്തിന് എന്നും നാട്ടുകാർ മാത്രമാണുണ്ടാകുക.
പരാതികൾ മുടങ്ങാതെ,പരിഹാരം അകലെ
ഓരോ അപകടം നടക്കുമ്പോഴും നാട്ടുകാർ അധികൃതരോട് പരാതിപ്പെടും- അശാസ്ത്രീയമായ രീതിയിൽ പാലവും റോഡും നിർമിച്ചതാണ് അപകട കാരണമെന്ന്. പരിഹാരം കാണാമെന്ന ഒഴുക്കൻ മറുപടിയല്ലാതെ ക്രിയാത്മക നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്ന് ഇതുവരെയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
റോഡ് ഉപരോധവുമായി നാട്ടുകാർ
ചൊവ്വാഴ്ച രാത്രി ഇവിടെ ഓട്ടോഡ്രൈവർ അപകടത്തിൽപ്പെട്ടു മരിച്ചതോടെ അധികൃതരുടെ കണ്ണു തുറപ്പിക്കാൻ റോഡ് ഉപരോധ സമരവുമായി നാട്ടുകാർ രംഗത്തിറങ്ങി. രാവിലെ 9 മുതൽ 11 വരെ 2 മണിക്കൂറോളം അവർ മൂന്നാംകടവ് റോഡ് ഉപരോധിച്ചു. ഉപരോധം ഉദ്ഘാടനത്തിനെത്തിയ കെ.കുഞ്ഞിരാമൻ എംഎൽഎ പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയറെ ഫോണിൽ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. ഇന്ന് സ്ഥലം സന്ദർശിച്ച് അപകടമൊഴിവാക്കാനുള്ള പര

