ബിജെപിയും എം.എൽ. അശ്വിനിയും നടത്തുന്നത് വാചകക്കസർത്ത് മാത്രം: തലപ്പാടി ടോൾ സൗജന്യമാക്കാൻ എന്ത് ഇടപെടൽ നടത്തി; പി.ഡി.പി

മഞ്ചേശ്വരം: കുമ്പള ആരിക്കാടിയിൽ ദേശീയപാതയിൽ അനധികൃതമായി നിർമിച്ച ടോൾ ബൂത്തിനെതിരെ നടന്ന ജനകീയ സമരങ്ങളുടെയും നിയമ പോരാട്ടങ്ങളുടെയും ഫലമായി അധികൃതർ പിൻമാറേണ്ടിവന്ന സാഹചര്യത്തിൽ, അതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ ബിജെപിയും ബിജെപിയുടെ കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിയും നടത്തുന്ന അവകാശവാദങ്ങൾ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ നാടകമാണെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ആരിക്കാടി ടോൾ വിഷയത്തിൽ മുഴുവൻ രാഷ്ട്രീയ, മത, സാമൂഹിക സംഘടനകളും സമരമുഖത്തും നിയമ പോരാട്ടങ്ങളിലും സജീവമായി പങ്കെടുത്തപ്പോള്‍ ബിജെപി നേതൃത്വം സമരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ശക്തമായ വിമുഖത കാണിക്കുകയും ചെയ്തിരുന്നു.
എന്നാൽ സമരങ്ങളുടെ ഫലമായി ടോൾ ഉപേക്ഷിക്കാൻ അധികൃതർ തയ്യാറായ ഘട്ടത്തിൽ ‘എട്ടുകാലി മമ്മൂഞ്ഞ്’ ചമഞ്ഞ് രംഗത്തെത്തുന്ന ബിജെപിയുടെ നീക്കം വാചകക്കസറത്ത് മാത്രമാണെന്ന് പിഡിപി വ്യക്തമാക്കി. തലപ്പാടി ടോൾ ബൂത്ത് കാരണം ദുരിതമനുഭവിക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ ജനങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിനായി ഇതുവരെ ബിജെപിയും എം.എൽ. അശ്വിനിയും നടത്തിയ ഇടപെടലുകൾ എന്തൊക്കെയാണെന്ന് പൊതുജനങ്ങളോട് വ്യക്തമാക്കാൻ അവർ തയ്യാറാകണമെന്നും പിഡിപി ആവശ്യപ്പെട്ടു.
കർണാടക-കേരള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തലപ്പാടി ടോൾ ബൂത്തിൽ, കർണാടകയിലെ തലപ്പാടി ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് ലഭിക്കുന്ന സൗജന്യ യാത്രാ സംവിധാനം കേരളത്തിലെ മഞ്ചേശ്വരം മണ്ഡലത്തിൽപ്പെട്ട തൊട്ടടുത്ത പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ലഭിക്കാത്തതെന്ന യാഥാർഥ്യം വ്യക്തമായിട്ടും ബിജെപി എന്തുകൊണ്ട് ഇടപെട്ടില്ലെന്നും, ഇടപെടൽ നടത്തിയിട്ടുണ്ടെങ്കിൽ തലപ്പാടി ടോൾ വിഷയം ഇതുവരെ പരിഹരിക്കപ്പെടാത്തതിന്റെ കാരണം എന്താണെന്നും വിശദീകരിക്കണമെന്ന് പിഡിപി ആവശ്യപ്പെട്ടു.
കുമ്പള ആരിക്കാടി ടോൾ വിരുദ്ധ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനകീയ സമരങ്ങളുടെയും നിയമ പോരാട്ടങ്ങളുടെയും ഫലമായി ലഭിച്ച വിജയം ബിജെപി സ്വന്തമാക്കാൻ ശ്രമിക്കുന്നതിന്റെ പിന്നിലെ യാഥാർഥ്യം പൊതുജനങ്ങൾ തിരിച്ചറിയണമെന്നും പിഡിപി പറഞ്ഞു.
ആരിക്കാടി ടോൾ വിരുദ്ധ സമരത്തിന്റെ വിജയത്തിന് നേതൃത്വം നൽകിയ മുഴുവൻ രാഷ്ട്രീയ, മത, സാംസ്കാരിക, സാമൂഹിക സംഘടനകളുടെയും പ്രതിനിധികൾക്കും, പിഡിപി യുടെ ഉൾപ്പടെ സമരാഹ്വാനത്തോട് ഐക്യപ്പെട്ട പൊതുജനങ്ങൾക്കും പിഡിപി നന്ദി രേഖപ്പെടുത്തി.

