KSDLIVENEWS

Real news for everyone

യുഡിഎഫിൽ സീറ്റ് ചർച്ച അവസാനഘട്ടത്തിൽ;ലീഗ് 27 സീറ്റിൽ മത്സരിക്കും; തിരുവമ്പാടി വിട്ടുകൊടുക്കും

SHARE THIS ON

തിരുവനന്തപുരം: യുഡിഎഫിൽ സീറ്റ് ചർച്ച അവസാനഘട്ടത്തിലെത്തിയതോടെ ലീഗ് 27 സീറ്റിൽ മത്സരിക്കുമെന്ന് ഏകദേശ ധാരണയായി. കഴിഞ്ഞതവണയും 27 സീറ്റിലായിരുന്നു മത്സരിച്ചത്. ഇതിൽ 25 സീറ്റിൽ കോണി ചിഹ്നത്തിലും രണ്ടിടത്ത് സ്വതന്ത്ര ചിഹ്നത്തിലുമായിരുന്നു. ചില സീറ്റ് വെച്ചുമാറൽ സംബന്ധിച്ച് ചർച്ചയായെങ്കിലും ഇതിൽ തിരുവമ്പാടി മാത്രമാണ് ധാരണയായത്. ഇതിന് പകരം ലീഗിന് മറ്റൊരു സീറ്റ് കൊടുക്കും. തിരുവമ്പാടി കോൺഗ്രസ് ഏറ്റെടുത്താൽ ഇവിടെ മലപ്പുറം ഡിസിസി അധ്യക്ഷൻ വി.എസ്. ജോയിയെ മത്സരിപ്പിക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. നിലവിൽ മുസ്ലിം ലീഗുമായും ആർഎസ്പിയുമായിട്ടാണ് സീറ്റ് ചർച്ചകൾ ഏകദേശം പൂർത്തിയായത്. കേരള കോൺഗ്രസുമായുള്ള ചർച്ചയിൽ ഇന്ന് ബുധനാഴ്ച തീരുമാനമാവും.

കഴിഞ്ഞ തവണ പത്ത് സീറ്റിലായിരുന്നു കേരള കോൺഗ്രസ് മത്സരിച്ചത്. ഇതിൽ നാല് സീറ്റെങ്കിലും വിട്ടുനൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരു സീറ്റും വിട്ട് നൽകില്ലെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാലും മൂന്ന് സീറ്റെങ്കിലും കിട്ടുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ഇതിൽ ഇടുക്കി, കുട്ടനാട്, ഏറ്റുമാനൂർ മണ്ഡലം ഉൾപ്പെടും. ഇടുക്കിയിൽ റോഷിക്കെതിരെ ശക്തനായ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയാൽ വിജയിക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന് സജ്ജമാവാൻ ഇടുക്കി ഡിസിസിയോട് സംസ്ഥാന നേതൃത്വം നിർദേശിച്ചിട്ടുണ്ട്.

ലീഗിന് പൊതുവെ വിജയ സാധ്യത കുറഞ്ഞ കോങ്ങാട്, പുനലൂർ സീറ്റുകൾ വിട്ട് നൽകാൻ ലീഗ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. പക്ഷെ പകരം ഏത് സീറ്റ് നൽകുമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല. കളമേശ്ശേരി ലീഗിൽ നിന്നും കോൺഗ്രസ് ഏറ്റെടുക്കണമെന്ന നിർദേശം വന്നെങ്കിലും ഇതിലും തീരുമാനമാകേണ്ടതുണ്ട്. കളമശ്ശേരിയിൽ എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെ മത്സരിപ്പിച്ചാൽ വിജയിപ്പിച്ചെടുക്കാമെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!