KSDLIVENEWS

Real news for everyone

ദേശീയപാത 66 നിർമാണം: തൃശൂർ കനോലി കനാലിൽ മണൽഖനനം തുടരുന്നു; ആശങ്ക: വാടക വീടുകളിലേക്ക് താമസം മാറ്റി കുടുംബങ്ങൾ

SHARE THIS ON

കൊടുങ്ങല്ലൂർ: ദേശീയപാത 66 നിർമാണത്തിനു വേണ്ടി കനോലി കനാലിൽ മണൽഖനനം തുടരുന്നു. പുല്ലൂറ്റ് പാലത്തിന്റെയും കരൂപ്പടന്ന പാലത്തിന്റെയും ഇടയിൽ മൂന്നു കിലോമീറ്റർ പ്രദേശത്ത് നിന്നു മാത്രം ആറു മാസങ്ങൾക്കുള്ളിൽ ഖനനം നടത്തിയതു പതിനായിരക്കണക്കിന് ക്യുബിക് മീറ്റർ മണൽ. കടുത്ത പരിസ്ഥിതി ആഘാതം സൃഷ്ടിക്കുമെന്ന പൊതുജനങ്ങളുടെ പരാതിയിൽ അധികൃതർ മൗനം തുടരുന്നു.

ഇനിയും ഖനനം തുടർന്നാൽ 1961 ൽ ഉദ്ഘാടനം ചെയ്ത പുല്ലൂറ്റ് പാലത്തിന്റെ പതനം ആസന്നമാണെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങൾക്കു മുൻപ് തന്നെ പാലം അപകടാവസ്ഥയിൽ ആണെന്ന് റിപ്പോർട്ട്‌ നൽകിയിട്ടുള്ളതാണ്. മഞ്ഞനക്കാട് ഭാഗത്തുള്ള മണൽ സംഭരണ കേന്ദ്രത്തിൽ നിന്നു ആറു മാസത്തിനുള്ളിൽ ആയിരക്കണക്കിന് ലോറി മണൽ കൊണ്ടു പോയിട്ടുണ്ട്.

രാത്രി മുഴുവനും വളരെ ഇടുങ്ങിയ ഈ വഴിയിലൂടെയുള്ള മണൽ കടത്ത് കാരണം പ്രദേശത്തെ പല വീടുകളുടെയും മതിലുകൾ ഇടിഞ്ഞു വീഴാറായ നിലയിലും വീടുകളുടെ ഭിത്തികളിൽ വിള്ളലുകൾ വീഴുകയും ചെയ്തു. റോഡുകൾ തകർന്നതു മൂലം സ്കൂൾ, മദ്രസ വിദ്യാർഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ ഇവരുടെ യാത്ര ദുഷ്കരമായി. അപകടങ്ങളും പതിവായി. പൊടിശല്യം അസഹനീയമായതോടെ മുതിർന്നവരും കുട്ടികളും അസുഖബാധിതരായി.

ചില കുടുംബങ്ങൾ വാടക വീടുകളിലേക്ക് താമസം മാറ്റി. ഇനിയും മണൽ ഖനനം തുടർന്നാൽ വലിയ ദുരന്തമായിരിക്കും നാടിനെ കാത്തിരിക്കുന്നത്. മണലും ചെളിയും ഒരുമിച്ചു ഡ്രജ് ചെയ്തു കരയിൽ എത്തിച്ച ശേഷം ചെളി തിരിച്ചു പുഴയിലേക്ക് തള്ളുകയാണ്. മണൽ ഊറ്റിയെടുത്തതിനു ശേഷം ബാക്കി വരുന്ന മാലിന്യം പുഴയിൽ തന്നെ നിക്ഷേപിക്കുകയാണ്. ഇതു കാരണം പുഴയിൽ മത്സ്യങ്ങൾ ചത്തു പൊങ്ങി.

ഏറെ പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികളും യുവാക്കളും തുടങ്ങിയ കൂട് മത്സ്യ കൃഷി പൂർണമായും നശിച്ച നിലയിലാണ്. മണൽ ഖനനം തുടരുന്നതിനാൽ പുഴ കലങ്ങി. ഇതോടെ ചെറു മത്സ്യങ്ങൾ പോലും ലഭിക്കുന്നില്ല. ഉൾനാടൻ മത്സ്യബന്ധനം ഉപജീവനമാർമാക്കിയ തൊഴിലാളികൾ ദുരിതത്തിലാണ്. മണൽ ഖനനം തുടരുന്നതോടെ പുഴയിൽ ആഴം വർധിച്ചു വ്യാപകമായി കര ഇടിയുകയും ചെയ്യും. കക്ക, ചെമ്മീൻ, മത്സ്യങ്ങളുടെയും, മറ്റു സൂക്ഷ്മ ജീവികളുടെയും ആവാസ വ്യവസ്ഥ തകർന്നു വംശനാശം സംഭവിക്കും.

നിവേദനം നൽകി
കൊടുങ്ങല്ലൂർ: കനോലി കനാലിലെ മണ്ണെടുപ്പ് തടയണമെന്ന് ആവശ്യപ്പെട്ടു പുല്ലൂറ്റ് മഞ്ഞനക്കാട് സ്വദേശി പൊതുപ്രവർത്തകനായ എം.എ.ഇബ്രാഹിം താലൂക്ക് സഭയിൽ നിവേദനം നൽകി. പുല്ലൂറ്റ് കനോലി കനാലിന്റെ തീരത്തു ശുദ്ധജല സ്രോതസ്സുകളിൽ ഉപ്പുവെള്ളം കയറിയത് മണ്ണെടുപ്പ് മൂലമാണ്. ഇതു പരിശോധിക്കണം. പുല്ലൂറ്റ് പാലം കാലപ്പഴക്കത്താൽ ശോചനീയാവസ്ഥ നേരിടുന്നതിനാൽ പുഴയിലെ മണ്ണെടുപ്പ് ദൂരവ്യാപക നാശം വിതക്കും. പാലത്തിനു അപകടം സംഭവിച്ചാൽ ആയിരക്കണക്കിനു ജനങ്ങൾ ദുരിതത്തിലാകുമെന്നും എം.എ.ഇബ്രാഹിം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!