കുമ്പള ആരിക്കാടി ടോൾ പ്ലാസയിലെ പോലീസ് അതിക്രമം: അന്വേഷണം നടത്താൻ ജില്ലാ പോലീസ് ചീഫിന് ഡി.ജി.പി.യുടെ നിർദേശം

കാസർകോട്: കുമ്പള ആരിക്കാടി ടോൾ പ്ലാസയിൽ നടന്നതായി ആരോപിക്കപ്പെടുന്ന പോലീസ് അതിക്രമത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ജനകീയ നീതി വേദി നൽകിയ പരാതിയിൽ, സംസ്ഥാന പോലീസ് മേധാവിയുടെ (DGP) ഓഫീസ് ഇടപെട്ടു.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന വാഹനത്തിലെ യുവാവിനെ, ഫാസ്റ്റ് ടാഗിൽ നിന്നും തുക ഡെബിറ്റ് ആയിട്ടും ടോൾ ബാരിക്കേഡ് തുറക്കാത്തതിനെ തുടർന്ന് ഉണ്ടായ തർക്കത്തിനിടയിൽ, പോലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് വാഹനത്തിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം ഗുരുതരമായ പൗരാവകാശ ലംഘനമാണെന്ന വിലയിരുത്തലോടെയാണ് ജില്ലാ ജനകീയ നീതി വേദി പ്രസിഡണ്ട് സൈഫുദ്ദീൻ കെ. മാക്കോട്, ജനറൽ സെക്രട്ടറി ഹമീദ് ചാത്തങ്കൈയും മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ, ഡിവൈഎസ്.പി റാങ്കിൽ കുറയാത്ത ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് വിഷയത്തിൽ അന്വേഷണം നടത്തി, അന്വേഷണം സംബന്ധിച്ച വിവരം ജില്ലാ ജനകീയ നീതി വേദിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ജില്ലാ പോലീസ് ചീഫിന് നിർദേശം നൽകിയതായി ഡി.ജി.പി. ഓഫീസ് ഔദ്യോഗികമായി സംഘടനയെ അറിയിച്ചു.
നിയമലംഘനം ഉണ്ടായിരുന്നാലും, സ്ത്രീകളെയും കുട്ടികളെയും റോഡിൽ ഉപേക്ഷിച്ച് ബലം പ്രയോഗിച്ച നടപടി അനുപാതികതയും മാനുഷികതയും ലംഘിക്കുന്നതാണെന്നും, ഇത്തരം സംഭവങ്ങൾ കേരള പോലീസ് എന്ന സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ നടപടി സമഗ്രമായി അന്വേഷിക്കണമെന്നും, അധികാര ദുരുപയോഗം കണ്ടെത്തിയാൽ കർശനമായ വകുപ്പ് തല നടപടികൾ സ്വീകരിക്കണമെന്നും, പൊതുസ്ഥലങ്ങളിൽ നിയമം നടപ്പാക്കുമ്പോൾ മാനുഷിക പരിഗണനയും അനുപാതികതയും പാലിക്കണമെന്ന നിർദേശങ്ങൾ സംസ്ഥാനതലത്തിൽ പുറപ്പെടുവിക്കണമെന്നും ജില്ലാ ജനകീയ നീതി വേദി ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള പോലീസ് സേനയുടെ അന്തസും പൊതുജന വിശ്വാസവും സംരക്ഷിക്കുന്നതിനുള്ള ഇടപെടലായി ഡി.ജി.പി. ഓഫിസിന്റെ നടപടി വിലയിരുത്തപ്പെടുന്നു.

