ശതാബ്ദി പതാകകളുയർന്നു; സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് കുണിയയിൽ തുടക്കം

കുണിയ (കാസർകോട്): സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് പതാകകളുയർന്നു. കുണിയയിലെ സമാപന പൊതുസമ്മേളന നഗരിയിൽ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പതാകയുയർത്തി.
കോഴിക്കോട് വരക്കൽ മഖാമിൽനിന്നെത്തിച്ച പതാകയാണ് ജിഫ്രി തങ്ങൾ ഉയർത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിച്ച 99 പതാകകളും പിന്നാലെ ഉയർന്നു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും പണ്ഡിതരും പോഷക സംഘടനാ നേതാക്കളും ചേർന്നാണ് 99 പതാകകൾ ഉയർത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് തളങ്കര മാലിക് ദീനാർ മഖാമിൽനിന്ന് ഘോഷയാത്രയായി പുറപ്പെട്ട പതാകവാഹക യാത്ര പെരിയട്ടുടക്കയിൽനിന്ന് സമ്മേളന നഗരിയിലേക്ക് വിഖായ വളണ്ടിയർ റൂട്ട് മാർച്ചായാണ് കുണിയയിലെ പൊതുസമ്മേളന നഗരിയിലെത്തിയത്.
സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, ട്രഷറർ പി.പി ഉമർ മുസ് ലിയാർ കൊയ്യോട്, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, കുമ്പോൽ അലി തങ്ങൾ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
1926-ൽ രൂപവത്കൃതമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി മഹാസമ്മേളനമാണ് ഫെബ്രുവരി എട്ടുവരെ കുണിയയിലെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുക. എട്ടിനു വൈകുന്നേരം നാലിന് ജനലക്ഷങ്ങൾ പങ്കെടുക്കുന്ന സമാപന പൊതുസമ്മേളനം ഈജിപ്ത് അൽ അസ്ഹർ യൂണിവേഴ്സിറ്റി റെക്ടർ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. സമസ്ത ജനറൽസെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ ശതാബ്ദി സന്ദേശം നൽകും. സമസ്ത സെന്റിനറി അവാർഡ് ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് സമ്മാനിക്കും.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ബെംഗളൂരു ഡവലപ്‌മെന്റ് അതോറിറ്റി ചെയർമാൻ എൻ.എ ഹാരിസ് എന്നിവർ പങ്കെടുക്കും. കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയക്ക് ഉപഹാര സമർപ്പണം നടത്തും.
ദേശീയ, അന്തർദേശീയ തലങ്ങളിലെ പ്രമുഖരായ പണ്ഡിതർ, ജനപ്രതിനിധികൾ, നേതാക്കൾ, വിദേശ പ്രതിനിധികൾ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

