KSDLIVENEWS

Real news for everyone

ഹൈക്കോടതി, സമരം, കേന്ദ്ര ഇടപെടൽ: കുമ്പള ആരിക്കാടി ടോൾ പ്ലാസ പൂട്ടിയത് ആരുടെ നേട്ടം?; ക്രെഡിറ്റ് പോരിൽ ആക്‌ഷൻ കമ്മിറ്റിയും ബിജെപിയും

SHARE THIS ON

കാസർകോട്: ദേശീയപാത ആരിക്കാടിയിൽ ടോൾ പ്ലാസ പൂട്ടിയതിൽ അവകാശവാദവുമായി ബിജെപിയും ആക്‌ഷൻ കമ്മിറ്റിയും. ഇന്നലെ വൈകിട്ട് ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വനിയാണ് ടോൾ പ്ലാസ പൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി അറിയിച്ചത്. ഇന്ന് അശ്വനി വാർത്താസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഇതിനിടെ എ.കെ.എം. അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിലുള്ള ജനകീയ ആക്‌ഷൻ കമ്മിറ്റിയും രംഗത്തെത്തി.

ടോൾ പ്ലാസ പൂട്ടിയത് ജനകീയ സമരത്തിന്റെ ഫലമായാണെന്ന് എ.കെ.എം. അഷ്റഫ് എംഎൽഎ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. അന്യായമായ ടോൾ പിരിവിനെയാണ് എതിർത്തത്. മുട്ടേണ്ട വാതിലുകളെല്ലാം മുട്ടി. ഒരു വാതിലും തുറക്കാത്തതിനെത്തുടർന്നാണ് ജനകീയ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ ബിജെപി അടക്കമുള്ള എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു. മിനിട്സ് ബുക്ക് പരിശോധിച്ചാൽ അക്കാര്യം മനസ്സിലാകും. പിന്നീട് ബിജെപി മാറി നിൽക്കുകയായിരുന്നു. ടോൾ പിരിവിനെതിരെ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഫാസ്ടാഗ് ഉപയോഗിച്ചുകൊണ്ടുള്ള ടോൾ പിരിവ് ആരംഭിച്ചത്. ഇതിനെതിരെയാണ് ആക്‌ഷൻ കമ്മിറ്റി സമരം തുടങ്ങിയത്. ഹൈക്കോടതിയിൽ ജനകീയ കമ്മിറ്റിക്ക് അനുകൂലമായ വിധി വരുമെന്നു തിരിച്ചറിഞ്ഞാണ് ടോൾ പ്ലാസ പൂട്ടാൻ കേന്ദ്ര സർക്കാർ നിർബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, ബിജെപി നടത്തിയ നിശബ്ദ പ്രവർത്തനങ്ങളുെട ഫലമായിട്ടാണെന്ന് ടോൾ പൂട്ടിയതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വനി പറഞ്ഞു. മണ്ഡലം പ്രസിഡന്റുമാർ മുതൽ ബിജെപി ദേശീയ നേതൃത്വം വരെ ഉള്ളവർ ഇടപെട്ടതിന്റെ ഫലമായാണ് ടോൾ പ്ലാസ പൂട്ടാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. സമരം ചെയ്തോ കേസ് കൊടുത്തോ അല്ല കാര്യങ്ങൾ ചെയ്യേണ്ടത്. എന്ത് ചെയ്യണമെന്ന് അറിയാതെ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് ‌പൊതുമുതൽ നശിപ്പിച്ചു സമരം നടത്തിയത്. സമരം നടത്തിയില്ലായിരുന്നുവെങ്കിൽ നേരത്തെ പൂട്ടുമായിരുന്നു. സർവകക്ഷി സമര സമിതി ഉണ്ടാക്കിയ കാര്യം ബിജെപിക്ക് അറിയില്ല. വിളിക്കാത്ത കല്യാണത്തിനു പോകുന്നവരല്ല ബിജെപി. ജനങ്ങളുടെ ഒപ്പം നിന്നാണ് കാര്യങ്ങൾ ചെയ്തത്. കല്യാണത്തിനു പോയി ഭക്ഷണം കഴിക്കുന്ന ആളായി എംഎൽഎ മാറി. മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം ശ്രമിക്കാറില്ല. ടോൾ പൂട്ടിച്ചതിന്റെ ക്രെഡിറ്റ് എടുക്കാനാണ് ശ്രമിക്കുന്നതെന്നും അശ്വനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!