KSDLIVENEWS

Real news for everyone

വാക്‌പോരിന് പിന്നാലെ നടപടി; യുക്രൈനുള്ള സൈനികസഹായം നിര്‍ത്തിവെച്ച് ട്രംപ്‌

SHARE THIS ON

വാഷിങ്ടണ്‍: യുക്രൈനുള്ള സൈനിക സഹായം താത്ക്കാലികമായി നിര്‍ത്തിവെച്ച്‌ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലെ ചര്‍ച്ചയ്ക്കിടെ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുമായുള്ള വാക്‌പോരിന് പിന്നാലെയാണ് ട്രംപിന്റെ നടപടി.

സമാധാന ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്തതിനാലാണ് ട്രംപ് അതൃപ്തി വ്യക്തമാക്കിയതെന്നും സമാധാനം സ്ഥാപിക്കലാണ് ട്രംപിന്റെ ലക്ഷ്യമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി പരിഹാരത്തിന്‌ സെലന്‍സ്‌കി തയ്യാറായാല്‍ മാത്രമേ ഇനി സഹായവും സഹകരണവും ഉള്ളൂവെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് നാറ്റോ സഖ്യത്തിനും യുക്രൈന് പിന്തുണയുമായെത്തിയ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും തിരിച്ചടിയാണ്.

നേരത്തെ സെലന്‍സ്‌കിയെ ലക്ഷ്യമിട്ട് ട്രംപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘ഡൊണാള്‍ഡ് ട്രംപിനെ വില കുറച്ച് കാണരുത്. ഈ കളിയില്‍ അദ്ദേഹം എല്ലാവരേക്കാളും 10 ചുവടുകള്‍ മുന്നിലാണ്’ എന്നായിരുന്നു പോസ്റ്റ്. ട്രംപിനെ മാസ്റ്റര്‍ ചെസ് കളിക്കാരന്‍ എന്ന് വിശേഷിപ്പിച്ച് മൈക്കല്‍ മക്യൂന്‍ എന്നയാള്‍ എഴുതിയ പോസ്റ്റാണ് ട്രംപ് പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം ട്രംപും സെലന്‍സ്‌കിയും തമ്മിലുള്ള ചര്‍ച്ച അലസിപ്പിരിഞ്ഞിരുന്നു. ചര്‍ച്ചയ്ക്കിടെ സെലന്‍സ്‌കി ഇറങ്ങിപ്പോന്നത് നാടകീയ രംഗങ്ങളും സൃഷ്ടിച്ചു. സെലന്‍സ്‌കി യു.എസിനെ അപമാനിച്ചെന്നാണ് അന്ന് ട്രംപ് ആരോപിച്ചത്.

യുദ്ധത്തില്‍ യു.എസിന് ചെലവായ പണത്തിന് പകരമായി യുക്രൈന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രകൃതിവിഭവങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ 50 ശതമാനം യു.എസുമായി പങ്കിടുന്ന കരാറില്‍ സെലന്‍സ്‌കി ഒപ്പുവെച്ചിരുന്നില്ല. ധാതുവിഭവങ്ങള്‍, പെട്രോളിയം, പ്രകൃതിവാതകം എന്നിവയ്‌ക്കൊപ്പം തുറമുഖങ്ങളുടേയും പ്രകൃതിവാതക ടെര്‍മിനലുകളുടേയും ഉടമസ്ഥതയും യു.എസിന് കൈമാറണം. ഇതിന് പകരമായി സൈനിക സുരക്ഷ ഉറപ്പുകളൊന്നും കരാറിലില്ല.

റഷ്യയുടെ ആക്രമണം തുടരുന്നതിനിടെ യു.എസിന്റെ ഈ തീരുമാനം യുക്രൈന് കനത്ത തിരിച്ചടിയായി. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ സമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെന്നും വിലയിരുത്തലുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!