ദേശീയപാത 66 ലെ കുമ്പള ആരിക്കാടി ടോൾ പ്ലാസ 22 ദിവസത്തിനുള്ളിൽ പിരിച്ചത് 2.71 കോടി

കാസർകോട്: ദേശീയപാതയിൽ കുമ്പള ആരിക്കാടി ടോൾ പ്ലാസയിൽ 22 ദിവസത്തിനുളളിൽ ചുങ്കം പിരിവിലൂടെ കിട്ടിയത് 2.71 കോടി രൂപ. കുമ്പളയിലെ വ്യാപാരി അബ്ദുൽ ഖാദർ ഫിർഷാദ് കോട്ട വിവരാവകാശനിയമ പ്രകാരം നൽകിയ അപേക്ഷയിൽ നൽകിയ മറുപടിയിലാണ് ദേശീയപാത കണ്ണൂർ മേഖല പ്രോജക്ട് ഡയറക്ടർ കണക്കുകൾ സഹിതം വിവരങ്ങൾ നൽകിയത്. ജനുവരി 12ന് ആണ് ചുങ്കം ഈടാക്കിത്തുടങ്ങിയത്. പ്രതിഷേധങ്ങളെ തുടർന്നു ഫെബ്രുവരി 4ന് ആണു ടോൾ പ്ലാസ് അടച്ചുപൂട്ടിയത്. ഫാസ്ടാഗിലൂടെ 2.7 കോടിയും യുപിഐ, ക്യൂആർ കോഡിലൂടെ 26,000 രൂപയും കൗണ്ടറുകളിൽ പണം നൽകിയതിലൂടെ 1.1 ലക്ഷം രൂപയുമാണ് കിട്ടിയതെന്നു രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിർമാണപ്രവൃത്തി പൂർത്തിയായ ടോൾ പ്ലാസയിൽ കഴിഞ്ഞ നവംബർ 4 മുതൽ ചുങ്കം ഈടാക്കാനായിരുന്നു ദേശീയപാത അതോറിറ്റി ഉത്തരവിട്ടത്. എന്നാൽ ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധങ്ങൾ തുടരുകയും ഇതിനിടെ തദ്ദേശ തിരഞ്ഞെടുപ്പും കോടതിയിൽ ഹർജിയുമായതിനാൽ ജനുവരി 12 മുതലായിരുന്നു തുടങ്ങിയത്. അന്നുതന്നെ ടോൾ പ്ലാസയിലേക്ക് ആക്ഷൻ കമ്മിറ്റി പ്രതിഷേധം നടത്തി. 13 മുതൽ എ.കെ.എം.അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിൽ ടോൾപ്ലാസയ്ക്കു സമീപം അനിശ്ചിതകാല സമരം തുടങ്ങി.
14നു രാത്രി പ്രതിഷേധം ശക്തമായതോടെ അക്രമസംഭവങ്ങൾ അരങ്ങേറി. 15 മുതൽ സമരം നടത്താൻ പാടില്ലെന്നു എംഎൽഎയ്ക്കു പൊലീസ് നോട്ടിസ് നൽകി. 15നു രാവിലെ സമരപ്പന്തൽ പൊളിച്ചുനീക്കുകയും എംഎൽഎ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ടോൾ പ്ലാസ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ സമരങ്ങൾ നടന്നു. ഇതിനിടെയാണ് ഫെബ്രുവരി 4ന് ടോൾ പ്ലാസ അടച്ചുപൂട്ടിയുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവിറങ്ങിയത്.
ടോൾ പ്ലാസ നിർമാണം: ചെലവ് 2 കോടി
ദേശീയപാത തലപ്പാടി– ചെങ്കള ഒന്നാം റീച്ചിൽ നിർമാണ പ്രവൃത്തി പൂർത്തിയായതിനെ തുടർന്നു താൽക്കാലികമായിട്ടാണ് ആരിക്കാടിയിൽ ടോൾ പ്ലാസ തുടങ്ങാൻ തീരുമാനിച്ചത്. ഇതിന്റെ നിർമാണ പ്രവൃത്തിയുടെ തുടക്കത്തിൽതന്നെ പ്രതിഷേധം ഉയർന്നിരുന്നു. നിർമാണ പ്രവൃത്തി തടയണമെന്നു ആവശ്യപ്പെട്ടു കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. തുടർന്നാണു നിർമാണം പ്രവൃത്തി തുടങ്ങിയത്. കഴിഞ്ഞ നവംബറിൽ ടോൾ പ്ലാസയുടെ നിർമാണം പൂർത്തിയായിരുന്നു. 2 കോടിയിലേറെ രൂപയാണ് ടോൾ പ്ലാസ നിർമിക്കുന്നതിനു ചെലവായതെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ കുറേഭാഗങ്ങൾ പൊളിച്ചുനീക്കിയിട്ടുണ്ട്. ഇനിയും പൊളിക്കാനുണ്ടെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

