ദുബായിലെ യു.എസ് കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണം: ജീവനക്കാർ സുരക്ഷിതരെന്ന് മാർക്കോ റൂബിയോ

ദുബായ്: ദുബായിലെ യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണം നടന്നതായി വിവരം. കെട്ടിടത്തിൽ ഡ്രോൺ പതിച്ചുവെന്നും എന്നാൽ എല്ലാ അമേരിക്കൻ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥിരീകരിച്ചു. ചൊവ്വാഴ് അർധരാത്രിയോടെ ആയിരുന്നു സംഭവം.
യുഎസ് നയതന്ത്ര കാര്യാലയത്തിന് സമീപം ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപിടുത്തമുണ്ടായെന്ന സർക്കാർ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ സ്ഥിരീകരണം വന്നത്. ‘യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചതിനെ തുടർന്നുണ്ടായ തീ വിജയകരമായി നിയന്ത്രിച്ചതായി ദുബായ് അധികൃതർ സ്ഥിരീകരിച്ചു.’ ദുബായ് മീഡിയ ഓഫീസ് എക്സിൽ കുറിച്ചു.
വലിയ സ്ഫോടനശബ്ദം കേട്ടതായും തൊട്ടുപിന്നാലെ കോൺസുലേറ്റിന് സമീപം തീജ്വാലകൾ കണ്ടതായും പ്രദേശവാസികൾ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സിവിൽ വേഷത്തിലെത്തിയ പോലീസ് കാഴ്ചക്കാരെ അവിടെനിന്ന് മാറ്റുകയും പ്രദേശത്ത് സുരക്ഷാവലയം തീർക്കുകയും ചെയ്തു.
അടിയന്തര രക്ഷാസംഘം ഉടൻ തന്നെ സ്ഥലത്തെത്തിയെന്നും അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേൽ ആക്രമണങ്ങളും അതിനെത്തുടർന്നുള്ള പ്രത്യാക്രമണങ്ങളും രൂക്ഷമായതോടെ, ശനിയാഴ്ച മുതൽ ദുബായിയും മറ്റ് ഗൾഫ് നഗരങ്ങളും ആക്രമണ ഭീഷണിയിലാണ്.
ചൊവ്വാഴ്ച പുലർച്ചെ റിയാദിലെ യുഎസ് എംബസിയിൽ രണ്ട് ഡ്രോണുകൾ പതിച്ച് ചെറിയ തോതിൽ തീപിടുത്തമുണ്ടായതിന് മണിക്കൂറുകൾക്ക് ശേഷമാണ് ദുബായിലെ സംഭവം നടന്നതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച കുവൈറ്റ് സിറ്റിയിലെ യുഎസ് എംബസിക്ക് നേരെയും ഡ്രോൺ ആക്രമണം നടന്നിരുന്നു.
കോൺസുലേറ്റിന് സമീപം ഡ്രോൺ പതിക്കുന്നതിന്റെയും പുക ഉയരുന്നതിന്റെയും ദൃശ്യങ്ങൾ എന്ന് അവകാശപ്പെടുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവയുടെ ആധികാരികത വ്യക്തമല്ല.

