വിദ്യാർത്ഥികൾ മുതൽ തൊഴിലാളികൾ വരെ; നാനാതുറകളിൽപ്പെട്ട ആയിരങ്ങൾക്ക് സ്നേഹത്തിന്റെ സന്ദേശം നൽകി മഅ്ദിന്‍ അക്കാദമിയുടെ ഗ്രാൻഡ് ഇഫ്താർ സംഗമം

മലപ്പുറം: ജീവിതം കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന അനേകമായിരങ്ങള്‍ക്ക് സമഭാവനയുടെ സന്ദേശം പകര്‍ന്ന് മഅ്ദിന്‍ അക്കാദമിയുടെ ഗ്രാന്‍ഡ് മസ്ജിദ് അങ്കണത്തിലെ ഇഫ്താര്‍ സംഗമം. നാനാതുറകളില്‍പ്പെട്ട ആയിരക്കണക്കിനു മനുഷ്യരാണ് സ്നേഹത്തോടെയും ഒത്തൊരുമയോടെയും ഇവിടെ ഇഫ്താര്‍ പങ്കിടുന്നത്. രണ്ടു പതിറ്റാണ്ടിലധികമായി മഅ്ദിന്‍ ക്യാംപസില്‍ തുടര്‍ന്നുപോരുന്ന ഈ സംഗമം നഗരത്തില്‍ ജോലി ചെയ്യുന്ന സാധാരണക്കാര്‍ക്കും യാത്രക്കാര്‍ക്കും വലിയ ആശ്വാസമാണ്.
മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദിന്റെ വിശാലമായ മുറ്റത്തെ ജനകീയ നോമ്പുതുറയില്‍ വിവിധ ആശുപത്രികളില്‍ രോഗികള്‍ക്ക് കൂട്ടിരിക്കാൻ എത്തിയവര്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, വിദ്യാർഥികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവർ പങ്കാളികളാകുന്നു. ദിവസവും ആയിരത്തിലധികം പേര്‍ക്കാണ് സ്വലാത്ത് നഗറില്‍ ബിരിയാണിയും പലഹാരങ്ങളും ഉള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ നോമ്പുതുറ ഒരുക്കുന്നത്. റമസാന്‍ ഇരുപത്തിയേഴാം രാവില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന വിപുലമായ ഇഫ്താര്‍ സംഗമത്തിനുള്ള തയാറെടുപ്പുകളും ക്യാംപസിൽ പൂർത്തിയായി.
ചെറിയ പ്രശ്നങ്ങളുടെ പേരില്‍ പരസ്പരം കലഹിക്കുന്നവര്‍ക്കും വിഭാഗീയത വളര്‍ത്തുന്നവര്‍ക്കും ഈ സ്നേഹസംഗമങ്ങള്‍ വലിയൊരു സന്ദേശമാണെന്ന് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. ഗള്‍ഫ് നാടുകളിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന യുദ്ധസാഹചര്യങ്ങളും പട്ടിണിയും ഭീതിയും നമ്മെ ഒരുപോലെ വേദനിപ്പിക്കുന്നുണ്ടെന്നും, സഹജീവിയുടെ സുഖദുഃഖങ്ങളില്‍ പങ്കാളികളായി വിശുദ്ധ റമസാനിന്റെ പവിത്രമായ ദിനരാത്രങ്ങളെ നാം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സ്നേഹമാണ് ഈ ഇഫ്താര്‍ സംഗമങ്ങളുടെ പൊരുളെന്നും ഒത്തൊരുമയിലൂടെ മാത്രമേ നമുക്ക് ഇത്തരം പ്രതിസന്ധികളെ മറികടക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

