സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ബ്രിട്ടനില്‍ 240 മില്യൺ പൗണ്ടിന്റെ നിക്ഷേപം നടത്തും

ലണ്ടൻ: വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ബ്രിട്ടനിൽ വൻ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. സിറം ഇൻസ്റ്റിറ്റ്യൂട്ട് ബ്രിട്ടനിൽ 240 മില്യൺ പൗണ്ടിന്റെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഓഫീസ് അറിയിച്ചു. 6,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന 100 കോടി പൗണ്ടിന്റെ ഇന്ത്യ- യുകെ വ്യാപാര പങ്കാളിത്വത്തിന്റെ ഭാഗമായാണ് നിക്ഷേപം
ആരോഗ്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ യു.കെയിൽ സുപ്രധാന നിക്ഷേപ പദ്ധതികളിൽ നിക്ഷേപം നടത്തുന്ന 20 ഓളം ഇന്ത്യൻ കമ്പനികളിൽ ഒന്നാണ് പൂനെ ആസ്ഥാനമായുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. നേരത്തെ, കോവിഡിനെതിരായ ഒറ്റ ഡോസ് നേസൽ വാക്സിന്റെ ഒന്നാം ഘട്ട പരീക്ഷണങ്ങൾ സിറം ഇൻസ്റ്റിറ്റ്യൂട്ട് യു.കെയിൽ ആരംഭിച്ചിരുന്നു
പദ്ധതിയിൽ സെയിൽസ് ഓഫീസ്, ക്ലിനിക്കൽ പരീക്ഷണങ്ങൾ, ഗവേഷണം, വാക്സിനുകളുടെ നിർമാണം എന്നിവ ഉൾപ്പെടുമെന്ന് ബോറിസ് ജോൺസന്റെ ഓഫീസ് അറിയിച്ചു. സെയിൽസ് ഓഫീസ് വഴി 100 കോടി യുഎസ് ഡോളറിന്റെ വ്യാപാരമാണ് പ്രതീക്ഷിക്കുന്നത്.
” നിക്ഷേപം ക്ലിനിക്കൽ പരീക്ഷണങ്ങൾ, ഗവേഷണം, വികസനം, വാക്സിൻ നിർമാണം എന്നിവയെ സഹായിക്കും. കൊറോണ വൈറസ്, മറ്റ് മാരകരോഗങ്ങൾ എന്നിവയെ പരാജയപ്പെടുത്താൻ ബ്രിട്ടനേയും ലോകത്തെയും സഹായിക്കും. കോഡജെനിക്സുമായി സഹകരിച്ച് കോവിഡിനെതിരായ ഒറ്റ ഡോസ് നേസൽ വാക്സിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ സിറം ഇതിനകം യുകെയിൽ ആരംഭിച്ചു.” – പ്രസ്താവനയിൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നടക്കാനിരിക്കുന്ന വെർച്വൽ യോഗത്തിന് മുന്നോടിയായാണ് ബോറിസ് ജോൺസന്റെ ഓഫീസ് ഇക്കാര്യം പ്രഖ്യാപിച്ചത്

