ബലാത്സംഗ മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു, വിവാദമായ പെര്‍ഫ്യൂം പരസ്യം പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം

ന്യൂഡല്‍ഹി: ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനത്തെത്തുടര്‍ന്ന് വിവാദത്തിലായ ഷോട്ട് ബോഡി പെര്‍ഫ്യൂം പരസ്യം പിന്‍വലിക്കാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശം. ജൂണ്‍ മൂന്നിനാണ് ലെയര്‍ ഷോട്ട് പെര്‍ഫ്യൂം പരസ്യം യൂട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അപ്ലോഡ് ചെയ്തത്. മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോയുടെ കാഴ്ചക്കാര്‍ പത്ത് ലക്ഷം പിന്നിട്ടിരുന്നു. എന്നാല്‍ ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പരസ്യം എന്ന ഗുരുതര വിമര്‍ശനമാണ് ഉയര്‍ന്നത്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ ഷോപ്പിങ് നടത്തുകയായിരുന്ന യുവതിയുടെ അരികിലേക്ക് നാല് യുവാക്കള്‍ കടന്നുവരുന്നതും ദ്വയാര്‍ത്ഥത്തിലുള്ള സംഭാഷണം നടത്തുന്നതുമാണ് പരസ്യം.’നമ്മള് നാലുപേര്‍, അവള് ഒന്ന്.. അപ്പോള്‍ ആര് ഷോട്ട് എടുക്കുമെന്ന് യുവാക്കളിലൊരാള്‍ ചോദിക്കുന്നു. തന്നെക്കുറിച്ചാണ് പറയുന്നതെന്ന് തെറ്റിദ്ധരിച്ചെങ്കിലും ലെയര്‍ ഷോട്ടിനെക്കുറിച്ചാണ് യുവാക്കള്‍ പറഞ്ഞതെന്ന് പിന്നീട് പെണ്‍കുട്ടി മനസ്സിലാക്കുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം.
കിടക്കിയിലിരിക്കുന്ന ഒരു യുവതിയുടേയും യുവാവിന്റേയും സമീപത്തേക്ക് നാല് യുവാക്കള്‍ കടന്നുവരുന്നതും അശ്ലീല ചുവയോടെയെന്ന് തോന്നുന്ന തരത്തില്‍ സംസാരിക്കുന്നതുമാണ് മറ്റൊരു പരസ്യം. പരസ്യത്തിനെതിരെ ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉണ്ടായിരിക്കുന്നത്. സംവിധാനയകന് ഫര്ഹാന് അക്തര്‍ ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷവിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
പരസ്യം വിവാദമായതിന് പിന്നാലെ വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാകമ്മീഷന് ചെയര്‍പേഴ്സണ്‍ വാര്‍ത്താവിനിമയ മന്ത്രി അനുരാഗ് താക്കൂറിന് കത്തയിച്ചിരുന്നു. ഡല്‍ഹി പോലീസിനോടും വിശദീകരണം തേടിയിട്ടുണ്ട്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും മാധ്യമങ്ങളില്‍ നിന്ന് പരസ്യം നീക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂണ്‍ ഒമ്പതിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.വിവാദത്തിലായ ലെയര്‍ കമ്പനി ഇത്തരത്തില്‍ മുന്‍പും അശ്ലീലമായ പരമാര്‍ശങ്ങളടങ്ങിയ പരസ്യം ഇറക്കിയിരുന്നു.