KSDLIVENEWS

Real news for everyone

18 കൊല്ലത്തെ കിട്ടാക്കനി, ഫൈനലില്‍ പലതവണ ഇടറിവീണു; ഒടുക്കം ഐപിഎലിലും രാജാവായി കോലി

SHARE THIS ON

ഐപിഎൽ കിരീടമില്ലെന്ന വിമർശനം ഇനി വിരാട്‌ കോലിക്ക്‌ നേരെ ഉയരില്ല. 18-ാം സീസണിൽ കോലിയും ബെംഗളൂരുവും കപ്പുയർത്തി. ടൂർണമെന്റിൽ എത്രയോ ആളുകൾ കളിച്ചുമടങ്ങി, അനേകം കണക്കുകളും റെക്കോഡുകളും പിറന്നു. എന്നാൽ, ടൂർണമെന്റ് തുടങ്ങിയതുമുതൽ ഈസീസൺവരെ തുടർച്ചയായ 18 വർഷം ഒരേ ടീമിനുവേണ്ടി കളിച്ച ഒരേയൊരാളേയുള്ളൂ, വിരാട് കോലി.

അന്താരാഷ്ട്ര ട്വന്റി 20യിൽനിന്ന് വിരമിച്ചുകഴിഞ്ഞ കോലി ഐപിഎലിൽ ഒരു കിരീടംപോലുമില്ലാതെ എങ്ങനെ വിടപറയും? ഇക്കുറി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കിരീടം നേടുമ്പോൾ യഥാർഥത്തിൽ വിരാട് കോലിയല്ല, ഇന്ത്യൻ പ്രീമിയർ ലീഗ് തന്നെയാണ് റോയലാകുന്നത്. പതിനെട്ടാമത് ഐപിഎലിൽ പതിനെട്ടാം നമ്പർ ജേഴ്സിയിൽ കോലിക്ക് കിരീടാഭിമാനം.

2007-ൽ, അന്നത്തെ 50,000 ഡോളറിന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായി കരാറിലെത്തുമ്പോൾ വിരാട് കോലി എന്ന 19-കാരൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചുതുടങ്ങിയിരുന്നില്ല. കോലി ഐപിഎലിനൊപ്പം വളർന്നു, ഐപിഎൽ കോലിക്കൊപ്പം വലുതായി. വൈകാതെ ഇന്ത്യൻ ടീമിന്റെ അവിഭാജ്യഘടകമായ വിരാട് രൂപം ലോകക്രിക്കറ്റിന്റെ മേൽവിലാസങ്ങളിലൊന്നായപ്പോഴും കോലി എന്ന രണ്ടക്ഷരംകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഐപിഎൽ കിരീടം കിട്ടാക്കനിയായി.

ലോകത്തെ ഏറ്റവും മാരകമായ ബാറ്റിങ് കോമ്പിനേഷൻ എന്നറിയപ്പെട്ട എ ബി ഡിവില്ലിയേഴ്‌സും ക്രിസ് ഗെയ്‌ലും വിരാട് കോലിയും ഒരുമിച്ച് അണിനിരന്നപ്പോഴും ബെംഗളൂരു ഇടവഴിയിൽ ഇടറിവീണു. ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് എന്ന (2016, 973 റൺസ്) റെക്കോഡ് കോലി സ്വന്തമാക്കിയവർഷം അദ്ദേഹത്തിന്റെതന്നെ ക്യാപ്റ്റൻസിയിൽ ഫൈനലിന് ഇറങ്ങിയപ്പോഴും ബെംഗളൂരു തോറ്റു.

കരിയറിലെ ഏറ്റവും ഉന്നതിയിൽനിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ അദ്ദേഹം ഇന്ത്യൻ ടീമിന്റെ നായകപദവി ഉപേക്ഷിച്ചു. പിന്നാലെ ബെംഗളൂരുവിന്റെ നായകസ്ഥാനവും. അപ്പോഴും ആരാധകർ കാത്തിരിക്കുകയായിരുന്നു. ഓരോ സീസൺ പിന്നിടുമ്പോഴും ഇത് ബെംഗളൂരുവിന്റെവർഷമാകും എന്ന വായ്ത്താരിയിൽ 17 വർഷം കടന്നുപോയി.

താരലേലംതൊട്ട് മുന്നൊരുക്കം

കോലി നായകഭാരവും നേതൃപദവിയും ഉപേക്ഷിച്ചപ്പോഴാണ് ഈ കിരീടനേട്ടം എന്നത് ആകസ്‍മികമല്ല. നാല് അന്താരാഷ്ട്രമത്സരങ്ങൾ മാത്രം കളിച്ച രജത് പടിദാർ എന്ന നവാഗതനു കീഴിലാണ് കിരീടം ബെംഗളൂരുവിനെ തേടിയെത്തുന്നത്. രജത് പരിക്കേറ്റ് പിൻമാറിയപ്പോൾ, അതിനേക്കാൾ പ്രായംകുറഞ്ഞ ജിതേഷ് ശർമ നായകനായി.

കോലിക്ക് നായകഭാരമില്ലാതെ കളിക്കാൻ പറ്റിയതുമാത്രമല്ല, ബെംഗളൂരുവിന്റെ വിജയരഹസ്യം. മെഗാ താരലേലത്തിൽ, ഓരോ പൊസിഷനിലേക്കും കൃത്യമായ കളിക്കാരെ കണ്ടെത്താനായതുകൂടിയാണ്. ഏറെക്കാലം ഈ ടീമിൽ കളിച്ച ദിനേഷ് കാർത്തിക് എന്ന വിക്കറ്റ് കീപ്പറും ചേർന്നാണ് ലേലത്തിൽ ടീമിന്റെ പ്ലാൻ ഉണ്ടാക്കിയത്.

11.5 കോടി രൂപയ്ക്ക് കൊണ്ടുവന്ന ഇംഗ്ലണ്ട് ബാറ്റർ ഫിൽ സാൾട്ട് കോലിക്കൊപ്പം പറ്റിയ ഓപ്പണറായി. 12 കളിയിൽ 175 സ്‌ട്രൈക്ക് റേറ്റിൽ 387 റൺസ് നേടിയ സാൾട്ടും കോലിയും ചേർന്ന ഓപ്പണിങ് ജോഡി ആറുതവണ അമ്പതിലേറെ റൺസ് കൂട്ടുകെട്ടുണ്ടാക്കി.

12.5 കോടിക്ക് ടീമിലെത്തിയ ഓസ്‌ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡ് ഫൈനൽവരെയുള്ള 11 കളിയിൽ 21 വിക്കറ്റുമായി തന്റെ മൂല്യം തെളിയിച്ചു.

11 കോടിക്ക് ടീമിലെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ, മലയാളി താരം ദേവദത്ത് പടിക്കൽ, സ്പിൻ ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവർക്കെല്ലാം ടീമിൽ അവരവരുടെ റോളുണ്ടായിരുന്നു. ദേവദത്തിന് പരിക്കേറ്റപ്പോൾ പകരക്കാരനായെത്തിയ ബെംഗളൂരു ബോയ് മായങ്ക് അഗർവാളിനെപ്പോലുള്ള റിസർവുകളും നിർണായകഘട്ടത്തിൽ തുണയായി.

കോച്ച് ആൻഡി ഫ്ളവർ, ദിനേഷ് കാർത്തിക് എന്നിവരോടൊപ്പം, ക്രിക്കറ്റ് ഡയറക്ടർ മോ ബോബട്ടിന്റെ ഇടപെടലുകളും പ്രധാനമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!