KSDLIVENEWS

Real news for everyone

ഷൂട്ടൗട്ടില്‍ താരമായി ഡേവിഡ് ഒസ്പിന; യുറഗ്വായെ തകര്‍ത്ത് കൊളംബിയ സെമിയില്‍

SHARE THIS ON

ബ്രസീലിയ: പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ക്വാർട്ടർ പോരാട്ടത്തിൽ യുറഗ്വായെ തകർത്ത് കൊളംബിയ കോപ്പ അമേരിക്ക ടൂർണമെന്റിന്റെ സെമിയിൽ കടന്നു. ഷൂട്ടൗട്ടിൽ 4-2നായിരുന്നു കൊളംബിയൻ ടീമിന്റെ വിജയം. യുറഗ്വായ് താരങ്ങളുടെ രണ്ട് കിക്കുകൾ തടുത്തിട്ട ഗോൾകീപ്പർ ഡേവിഡ് ഒസ്പിനയാണ് ടീമിനെ സെമിയിലെത്തിച്ചത്. നിശ്ചിത സമയത്ത് മത്സരം ഗോൾരഹിത സമനിലയിലായതോടെയാണ് വിജയിയെ തീരുമാനിക്കാൻ പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. കൊളംബിയക്കായി ഡുവാൻ സപാറ്റ, സാഞ്ചെസ്, യെരി മിന, മിഗ്വെൽ ബോർഹ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ യുറഗ്വായ് താരങ്ങളായ ജോസ് മരിയ ഗിമ്മെനസിന്റെയും മത്തിയാസ് വിനയുടെയും കിക്കുകൾ തടഞ്ഞിട്ട് ഒസ്പിന കൊളംബിയയുടെ സെമി ബർത്ത് ഉറപ്പിച്ചു. കവാനി, സുവാരസ് എന്നിവർക്ക് മാത്രമാണ് ഷൂട്ടൗട്ടിൽ യുറഗ്വായ്ക്കായി സ്കോർ ചെയ്യാനായത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും കാര്യമായ ഗോളവസരങ്ങളും മുന്നേറ്റങ്ങളും സൃഷ്ടിച്ചില്ല. ഇരു ഭാഗത്തു നിന്നും ഏതാനും മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും ഫൈനൽ തേർഡിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇരുവർക്കും സാധിച്ചില്ല. 37-ാം മിനിറ്റിൽ കൊളംബിയൻ താരം ഡുവാൻ സപാറ്റയുടെ മുന്നേറ്റം ഡിയെഗോ ഗോഡിൻ തടഞ്ഞു. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ലഭിച്ച മികച്ച അവസരം ലൂയിസ് മുറിയലിന് മുതലാക്കാനും സാധിച്ചില്ല. വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമും ആക്രമിച്ച് കളിക്കാനാരംഭിച്ചത്. രണ്ടാം പകുതി ആരംഭിച്ചത് തന്നെ കൊളംബിയൻ മുന്നേറ്റത്തോടെയായിരുന്നു. പിന്നാലെ യുറഗ്വായ് പന്തിൻമേലും ആക്രമണത്തിലും ആധിപത്യം ഏറ്റെടുത്തു. 50-ാം മിനിറ്റിൽ നാന്റെസിന്റെ ഷോട്ട് കൊളംബിയൻ ഗോൾകീപ്പർ ഡേവിഡ് ഒസ്പിന തടഞ്ഞു. 57-ാം മിനിറ്റിൽ അരാസ്കയെറ്റയുടെ ഷോട്ടും ഒസ്പിന തട്ടിയകറ്റി. 59-ാം മിനിറ്റിൽ ലഭിച്ച അവസരം ലൂയിസ് സുവാരസിനും മുതലാക്കാനായില്ല. എന്നാൽ 73-ാം മിനിറ്റിൽ കൊളംബിയക്കാണ് മത്സരത്തിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത്. ഡുവാൻ സപാറ്റയുടെ ഗോളെന്നുറച്ച ഹെഡർ യുറഗ്വായ് ഗോൾകീപ്പർ ഫെർണാണ്ടോ മുസ്ലേര അവിശ്വസനീയമായി തട്ടിയകറ്റുകയായിരുന്നു. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!