വേദനാജനകമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുൻകരുതലുണ്ടാകും; ഒടുവിൽ പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് അവശിഷ്ടങ്ങൾക്കിടയിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയ സ്ത്രീ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ ആരോഗ്യമന്ത്രിക്കും വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്നതിനിടെ അപകടം നടന്ന് ഒരു ദിവസം പിന്നിട്ട ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തോടെ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
‘കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായതുപോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തും. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും. അവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകും. ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തോടെ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകും’ മുഖ്യമന്ത്രി പ്രസ്താവനയില്‍ കുറിച്ചു.
കോട്ടയം തലയോലപ്പറമ്പ് ഉമ്മാംകുന്ന് സ്വദേശി ബിന്ദുവാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ചത്. വ്യാഴാഴ്ച 10:50നാണ് മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുവീണത്. എന്നാല്‍ വളരെ വൈകി നടന്ന രക്ഷാപ്രവര്‍ത്തനമാണ് ബിന്ദുവിന്റെ ജീവനെടുത്തതെന്നാണ് ആക്ഷേപം. കെട്ടിടത്തില്‍ ആള്‍ കുടുങ്ങിയിട്ടുണ്ടാകുമെന്ന് ദൃക്‌സാക്ഷികള്‍ ആവര്‍ത്തിച്ചുപറഞ്ഞിട്ടും ആശുപത്രി അധികൃതരും സംഭവസ്ഥലത്തെത്തിയ മന്ത്രിമാരും ഇത് അംഗീകരിച്ചിരുന്നില്ല. ആരും ഉള്ളില്‍ ഇല്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍. എന്നാല്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ അടക്കം ഇടപെടല്‍ നടത്തിയതിനെത്തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനത്തില്‍ ഉച്ചയ്ക്ക് 12:45 ഓടെ ബിന്ദുവിന്റെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കണ്ടെത്തുകയായിരുന്നു.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ സിപിഎമ്മും മന്ത്രിമാരും വീണയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവിനെ വിശ്രുതനെ മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് സംസാരിച്ചു. രണ്ട് ദിവസത്തിനകം സന്ദര്‍ശിക്കാനെത്തുമെന്ന് മന്ത്രി അറിയിച്ചതായി വിശ്രുതന്‍ പറഞ്ഞു.