ഗാസ വെടിനിര്‍ത്തല്‍ ഉടന്‍: അമേരിക്കന്‍ നിര്‍ദ്ദേശത്തിന് ഖത്തര്‍-സൗദി പിന്തുണ

ഇസ്രയേലും ഹമാസും തമ്മിലുള്ള ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ വഴിത്തിരിവ് ഉണ്ടായതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വന്നതോടെ തന്നെ പലസ്തീനികള്‍ വളരെ ആശ്വാസത്തിലായിരുന്നു.
ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന് രൂപം നല്‍കുന്നതിനായി ഖത്തറും സൗദി അറേബ്യയും തിരശ്ശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു. 2023-ല്‍ ഇസ്രയേല്‍ ഗാസയ്‌ക്കെതിരെ ആക്രമണം നടത്തുമ്ബോള്‍ തന്നെ ഇസ്രയേലിന്റെ നരവേട്ട അവസാനിപ്പിക്കാന്‍ ഈ രണ്ട് ഗള്‍ഫ് രാജ്യങ്ങളും മധ്യസ്ഥ ശ്രമങ്ങള്‍ക്കായി മുന്നിട്ട് നിന്നിരുന്നു. ജനുവരിയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ വിജയകരമായി നടപ്പിലാക്കുന്നതിന് പിന്നിലും അവരായിരുന്നു.
ഇപ്പോള്‍, ഗാസയില്‍ ശാശ്വതമായ വെടിനിര്‍ത്തലിനാണ് സൗദിയും ഖത്തറും അമേരിക്കയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാത്രമല്ല ഇസ്രയേല്‍ ഗാസയ്‌ക്കെതിരെ ആക്രമണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. നിരായുധരായ സാധാരണക്കാരാണ് ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇരയാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പലസ്തീന്‍ മേഖലയില്‍ ഇസ്രയേലി വ്യോമാക്രമണങ്ങളുടെ ഫലമായി കുറഞ്ഞത് 70 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
അമേരിക്ക, ഖത്തര്‍, സൗദി അറേബ്യ എന്നിവയുടെ സംയുക്ത നയതന്ത്ര ശ്രമമാണ് ഏറ്റവും പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം. ഖത്തറില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള മധ്യസ്ഥര്‍ ചര്‍ച്ചകളില്‍ കേന്ദ്രബിന്ദുവാണെങ്കിലും, വെടിനിര്‍ത്തല്‍ കരാറില്‍ ഹമാസും ഇസ്രയേലുമാണ് ഔദ്യോഗികമായി പ്രതികരിക്കേണ്ടത്.
അതേസമയം, അമേരിക്ക അവതരിപ്പിച്ച മുന്‍ വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ചര്‍ച്ചയിലിരിക്കുന്ന ‘പുതിയ നിര്‍ദ്ദേശത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങളൊന്നുമില്ലെന്നാണ് പുറത്തുവരുന്ന വിവരം. പുതിയ നിര്‍ദ്ദേശത്തില്‍ ’60 ദിവസത്തെ വെടിനിര്‍ത്തല്‍ ഉള്‍പ്പെടുന്നു. ഈ കാലയളവില്‍ ഇസ്രയേല്‍ നിരവധി പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി ഗാസ മുനമ്ബിലെ ജീവിച്ചിരിക്കുന്ന ഇസ്രയേലി തടവുകാരില്‍ പകുതി പേരെയും ഹമാസ് മോചിപ്പിക്കും എന്നാണ് വിവരം. 2023 ഒക്ടോബറില്‍ പലസ്തീന്‍ തീവ്രവാദികള്‍ ബന്ദികളാക്കിയ 251 പേരില്‍ 49 പേര്‍ ഇപ്പോഴും ഗാസയില്‍ തടവിലാണ്. അതില്‍ 27 പേര്‍ മരിച്ചതായി ഇസ്രയേല്‍ സൈന്യം പറയുന്നു.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തുടര്‍ ചര്‍ച്ചകള്‍ സംബന്ധിച്ച അമേരിക്കയുടെ ഉറപ്പുകളില്‍ ഹമാസ് തൃപ്തരാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഖത്തറും ഈജിപ്തും മധ്യസ്ഥത വഹിച്ച ചര്‍ച്ചകളില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ ‘ചര്‍ച്ച ചെയ്യുന്നതിനായി കൂടിയാലോചനകള്‍ നടത്തുകയാണെന്ന് ഹമാസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. സൗദി-ഖത്തര്‍-അമേരിക്ക രാജ്യങ്ങള്‍ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ‘ആക്രമണം അവസാനിപ്പിക്കുന്നതിനും (ഇസ്രയേല്‍ സൈന്യത്തെ ഗാസയില്‍ നിന്ന് പിന്‍വലിക്കുന്നതിനും) ഗാസ നിവാസികളെ അടിയന്തരമായി സഹായിക്കുന്നതിനും ഉറപ്പുനല്‍കുന്ന ഒരു കരാറിലെത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹമാസ് പറയുന്നു.
അതേസമയം, ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിജ്ഞയെടുത്തു. ഇസ്രയേല്‍ ഗാസയില്‍ നിന്ന് ഭാഗികമായി പിന്‍വാങ്ങാനും മാനുഷിക സഹായം വര്‍ദ്ധിപ്പിക്കാനും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ സംഘര്‍ഷം ശാശ്വതമായി അവസാനിപ്പിക്കാന്‍ നെതന്യാഹു ഒരുക്കമല്ലെന്നാണ് വിവരം.