പൂച്ചക്കാട്ടെ അബ്ദുൽ ഗഫൂറിന്റെ മരണം: 596 പവൻ നഷ്ടമായ കേസിൽ ദമ്പതികൾ നുണപരിശോധനയ്ക്കു വിസമ്മതിച്ചു

പള്ളിക്കര: പ്രവാസിയായ പൂച്ചക്കാട് എം.സി.അബ്ദുൽഗഫൂറിന്റെ മരണത്തിനു ശേഷം വീട്ടിൽ നിന്ന് 596 പവൻ സ്വർണം നഷ്ടമായത് സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ദമ്പതികൾ നുണപരിശോധനയ്ക്കു വിസമ്മതിച്ചു. ദമ്പതികളെ നുണ പരിശോധനയ്ക്കു വിധേയമാക്കണമെന്നു ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോപണവിധേയരായ മാങ്ങാട്ടെ യുവതിയും ഭർത്താവുമാണ് പരിശോധനയ്ക്കു തയാറായല്ലെന്നു ഹൊസ്ദുർഗ് കോടതിയെ അറിയിച്ചത്.
മരിച്ച അബ്ദുൽഗഫൂറിന്റെ മകൻ അഹമ്മദ് മുസാമ്മിൽ ബേക്കൽ പൊലീസ് നൽകിയ പരാതിയിൽ ഇവരുടെ വീടുമായി ഏറെ ബന്ധമുള്ള ദമ്പതികളെ സംശയമുണ്ടെന്നു പറഞ്ഞിരുന്നു. ഇവരെ ഒട്ടേറെ തവണ ബേക്കൽ പൊലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും അന്വേഷണത്തിനു ആവശ്യമായതും ഒന്നും ലഭിച്ചിരുന്നില്ല. തുടർന്നാണ് നുണ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്.ദമ്പതികളുടെ അനുവാദത്തോടെ മാത്രമെ നുണപരിശോധനയ്ക്കാൻ സാധിക്കുകയുള്ളു.
എന്നാൽ ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളതിനാൽ ഇതിനു തയാറില്ലെന്നു ഇവരെ കോടതിയെ അറിയിക്കുകയായിരുന്നു.കഴിഞ്ഞ ഏപ്രിൽ 14ന് പുലർച്ചെയാണ് അബ്ദുൽഗഫൂർ ഹാജിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ ഗഫൂർ ഹാജിയുടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും ഉൾപ്പെടെ 596 പവൻ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. വിദേശത്ത് ആയിരുന്ന മകൻ സംഭവത്തിനു ശേഷം നാട്ടിലെത്തിയാണ് ബേക്കൽ പൊലീസിൽ പരാതി നൽകിയത്.
സ്വാഭാവിക മരണമെന്ന നിഗമനത്തിൽ മറവ് ചെയ്ത മൃതദേഹം ഏപ്രിൽ 27ന് കബറിടത്തിൽ നിന്നു പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു. യുവതിയുടെ വീട്ടിൽ മെറ്റൽ ഡിക്ടക്റ്റർ അടക്കമുള്ളവയുടെ സഹായത്തോടെ പൊലീസ് പരിശോധിച്ചിരുന്നുവെങ്കിലും സ്വർണം കണ്ടെത്തിയിരുന്നില്ല. ഇതിൽ ഒന്നും പുരോഗതി ഉണ്ടാകാത്തതിനാലാണ് ദമ്പതികളെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ ശ്രമിച്ചത്. ഡിവൈഎസ്പി സി.കെ.സുനിൽകുമാർ, ഇൻസ്പെക്ടർ യു.പി.വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ദമ്പതികൾ നുണപരിശോധനയ്ക്കു വിസമ്മതിച്ച സാഹചര്യത്തിൽ മറ്റു മാർഗങ്ങൾ തേടുകയാണ് പൊലീസ്.

