ഭാര്യ അധ്യാപിക, 14 വർഷമായി ശമ്പളമില്ല; മകന്റെ പഠനത്തിന് പണമില്ല, 47-കാരൻ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട: അത്തിക്കയം നാറാണംമൂഴിയില്‍ കൃഷിവകുപ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടക്കേച്ചെരുവില്‍ ഷിജോ വി.ടി.(47) യാണ് മരിച്ചത്.
എയ്ഡഡ് സ്കൂളില്‍ അധ്യാപികയായ ഭാര്യയുടെ ശമ്പളം 14 വര്‍ഷമായി ലഭിച്ചിരുന്നില്ല. ശമ്പളം നല്കാന് നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡിഇഒ ഓഫീസില്‍നിന്ന് തുടര്‍നടപടി ഉണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജന് ആരോപിച്ചു.
മകന്റെ എന്‍ജിനിയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ഷിജോ. ഭാര്യയുടെ മുടങ്ങിക്കിടക്കുന്ന ശമ്പളംകൂടി ലഭിച്ചാല്‍ ഇതിന് പണം കണ്ടെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതുകൂടി ഇല്ലാതായതോടെയാണ് ആത്മഹത്യയെന്നും ത്യാഗരാജന് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായംതേടുക. വിളിക്കുക 1056, 0471 2552056)