ഗസ്സയിൽ കൂടുതൽ സഹായമെത്തിയില്ലെങ്കിൽ പട്ടിണി മരണം ഇരട്ടിയാകും; മുന്നറിയിപ്പുമായി യുഎൻ

തെൽ അവിവ്: ലോകസമ്മർദത്തിനിടയിലും ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. സഹായം തേടിയെത്തിയ 56 പേരുൾപ്പെടെ 92 പേർ കൂടി കൊല്ലപ്പെട്ടു. കൂടുതൽ സഹായം എത്തിയില്ലെങ്കിൽ പട്ടിണിമരണം അധികരിക്കുമെന്ന് യു.എൻ മുന്നറിയിപ്പ് നൽകി. യുദ്ധം ഉടൻ നിർത്തണമെന്ന് ഇസ്രായേലിലെ മുൻ സുരക്ഷാ, സൈനിക ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
ഭക്ഷണം നിഷേധിച്ചും ഭക്ഷണത്തിനായി കാത്തുനിൽക്കുന്നവരെ വെടിവെച്ചുകൊന്നും കൊടുംക്രൂരത തുടരുകയാണ് ഇസ്രായേൽ. ഞായറാഴ്ച പകൽ ഭക്ഷണം കാത്തുനിന്ന 56 പേരെയാണ് ഇസ്രായേൽ സേന വെടിവെച്ചുകൊന്നത്. വിവിധ ആക്രമണങ്ങളിലായി 36 പേരും കൊല്ലപ്പെട്ടു. ഗസ്സയിൽ ഒരു കുഞ്ഞടക്കം ഏഴുപേർ കൂടി പട്ടിണി കിടന്ന് മരിച്ചു. ഇതോടെ പട്ടിണിക്കൊലയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 175 ആയി.ഗസ്സയിലെ കുട്ടികൾ സഞ്ചരിക്കുന്ന മൃതദേഹങ്ങളാണെന്ന് യുഎൻ അഭയാർഥി ഏജൻസി അധ്യക്ഷൻ ഫിലിപ്പ് ലസാറിനി അഭിപ്രായപ്പെട്ടു.
ഗസ്സയിൽ അഞ്ചിലൊരു കുഞ്ഞും കൊടുംപട്ടിണിയിലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.അതിനിടെ ഗസ്സയെ പട്ടിണിക്കിട്ട് കൊല്ലുന്ന ഉപരോധത്തിന്റെ ഇരകളിൽ തങ്ങളുടെ പൗരന്മാരുമുണ്ടെന്ന് ഇസ്രായേലിനെ ഓർമിപ്പിച്ച് കഴിഞ്ഞ ദിവസം ഹമാസ് പുറത്തുവിട്ട ബന്ദിയുടെ വീഡിയോ തെൽ അവീവിന്‍റെ ഉറക്കം കെടുത്തുകയാണ്. തുരങ്കത്തിനുള്ളിൽ സ്വന്തം ശവക്കുഴി ഒരുക്കുന്ന എവ്യതാർ ഡേവിഡ് എന്ന ബന്ദിയുടെ ദൃശ്യം നടുക്കുന്നതാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞു.
ബന്ദികൾക്ക് ഉടൻ സഹായം എത്തിക്കാൻ ഇടപെടണമെന്ന് നെതന്യാഹു അന്താരാഷ്ട്ര റെഡ്ക്രോസ് മേധാവിയോട് ആവശ്യപ്പെട്ടു. ബന്ദികളെ പട്ടിണിക്കിടുക ലക്ഷ്യമല്ലെന്നും ലഭ്യമായത് അവർക്കും കൈമാറുന്നുണ്ടെന്നും ഹമാസ് പറഞ്ഞു. ദിശാബോധമില്ലാത്ത ഫലശൂന്യമായ യുദ്ധം ഉടൻ നിർത്തണം എന്നാവശ്യപ്പെട്ട് നൂറോളം മുൻ ഇസ്രായേൽ പ്രതിരോധ, സൈനിക ഉദ്യോഗസ്ഥർ രംഗത്തുവന്നു. അതിനിടെ, ഇസ്രായേൽ മന്ത്രി ബെൻ ഗവിർ ഫലസ്തീനിൽ പ്രകോപന നപടികൾ തുടരുകയാണ്. ആയിരത്തിലേറെ ഇസ്രായേലികൾക്കൊപ്പം മന്ത്രി ഇന്നലെ ജറൂസലമിലെ മസ്ജിദുൽ അഖ്സയിൽ കടന്നുകയറി . മസ്ജിദ് സമുച്ചയത്തിൽ നിയന്ത്രണവും അധികാരവും കടുപ്പിക്കുമെന്ന ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്‍റെ പ്രസ്താവന അപകടകരമാണെന്ന് സൗദി അറേബ്യയും ജോർദാനും മുന്നറിയിപ്പ് നൽകി.