അനുസ്മരണങ്ങളാണ് ഒരു എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം: പ്രൊഫസർ കെ .പി ജയരാജൻ

അധ്യാപകൻ, കോളമിസ്റ്റ് , ഗ്രന്ഥകാരൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായിരുന്ന ഇബ്രാഹിം ബേവിഞ്ച മാഷ് , മലയാള സാഹിത്യ നിരൂപണ ശാഖയിൽ സ്വന്തമായി ഒരിടം കണ്ടെത്തിയ പ്രതിഭാധനനായിരുന്നുവെന്നും ഉത്തരകേരളത്തിൽ നിന്ന് മലയാള വിമർശന ഭൂമികയിലേക്ക് പ്രവേശിച്ച അദ്ദേഹം സാംസ്കാരിക സമന്വയത്തിന്റെയും സനാതന മൂല്യബോധത്തിന്റെയും ശക്തനായ വക്താവായി നിലയുറപ്പിക്കുകയും ചെയ്ത അതുല്യ പ്രതിഭയായിരുന്നുവെന്നും നീലേശ്വരം മുൻ നഗരസഭ ചെയർമാനും കണ്ണൂർ യൂണിവേഴ്സിറ്റി മുൻ പരീക്ഷാ കൺട്രോളറുമായ പ്രൊഫസർ കെ പി ജയരാജൻ അഭിപ്രായപ്പെട്ടു .
കോലായും ബേവിഞ്ച ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ‘ആ പാദമുദ്രകൾ മായില്ലൊരിക്കലും’ എന്ന മാഷിൻറെ രണ്ടാം അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച് സംസാരിച്ച അദ്ദേഹം അനുസ്മരണങ്ങളാണ് ഒരു എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം എന്നും കൂടി കൂട്ടിച്ചേർത്തു .
കാസർഗോഡ് നഗരസഭ കൗൺസിലറും പി . എ . കോളേജ് ഓഫ് എജുക്കേഷന്റെ മുൻ അഡ്മിനിസ്ട്രേറ്ററുമായ കെ .എം . ഹനീഫ് പരിപാടിയുടെ അധ്യക്ഷനായി .
സ്കാനിയ ബെദിര , റഫീഖ് നങ്ങാരത്ത് , അസൈനാർ തൊട്ടു ഭാഗം , നാരായണൻ പേരിയ , ടി.എ. ഷാഫി , ബാലകൃഷ്ണൻ ചെർക്കള , രവീന്ദ്രൻ പാടി , സി .എൽ . ഹമീദ് , എം .പി . ജിൽജിൽ , രാഘവൻ ബെള്ളിപ്പാടി, കെ .കെ . അബ്ദുകാവുഗോളി , കരീം ചൗക്കി , സുലേഖ മാഹിൻ , ശബാന ബേവിഞ്ച എന്നിവർ മാഷെ അനുസ്മരിച്ച് സംസാരിച്ചു.
കാസർകോട് സിറ്റി ടവർ ഹോട്ടലിൽ വെച്ച് നടന്ന അനുസ്മരണ ചടങ്ങിൽ ഷാഫി എ . നെല്ലിക്കുന്ന് വരച്ച ബേവിഞ്ച മാഷിൻറെ ഛായാചിത്രം കുടുംബാംഗങ്ങൾക്ക് കൈമാറി.
ചടങ്ങിൽ കാസർകോട്ടെ കലാസാഹിത്യ സാംസ്കാരിക മേഖലകളിലുള്ള നിരവധിപേർ സംബന്ധിച്ചു.